കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ‘ഹരിതഗൃഹം’എന്ന വിപുലമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് എരുമപ്പെട്ടി പഞ്ചായത്ത്. ഓരോ വീട്ടിലും പരമാവധി പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് ഹരിതഗൃഹം പദ്ധതി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈകോര്‍ത്താണ് ഹരിത ഗൃഹങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചത്. കുന്നംകുളം എം.എല്‍.എ എ സി മൊയ്തീന്‍ ഹരിതഗൃഹം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിന്‍റെ കാര്‍ഷിക പുരോഗതിയിലേക്ക് ഓരോ കുടുംബത്തിന്‍റെയും സംഭാവന ഉറപ്പുവരുത്തുക എന്ന വലിയ ലക്ഷ്യത്തിന്‍റെ മുന്നോടിയാണ് എരുമപ്പെട്ടിയില്‍ പദ്ധതി ആരംഭിച്ചത്. ഹരിതഗൃഹം പദ്ധതിയുടെ നടത്തിപ്പിനായി 5000 വീടുകളെയായാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി പദ്ധതി നടപ്പിലാക്കും. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷിക്കാവശ്യമായ വിത്തും തൈകളും പഞ്ചായത്തില്‍ നിന്നും വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. വെണ്ട, ചീര, പാവല്‍, പയര്‍, തുടങ്ങിയവയുടെ നടന്‍ ഇനങ്ങളും ഹൈബ്രിഡ് ഇനങ്ങളും പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാതലത്തില്‍ പച്ചക്കറിക്കായി ഇതര സംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കാതിരിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകരമാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്.