ആലപ്പുഴ : എല്ലാവരും ഒന്നായി കൈകോർത്തപ്പോൾ ഒന്നല്ല അമ്പത് കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ‘ നമ്മളൊന്ന് ‘ എന്ന ഹാഷ് ടാഗോടെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രചാരണ പരിപാടി 50 കുട്ടികൾക്ക് ആശ്രയമായി. പരിപാടിയുടെ ഭാഗമായി സമാഹരിച്ച ആദ്യഘട്ട മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. നിർവഹിച്ചു. സ്‌കൂൾ മേധാവികളും രക്ഷാകർത്താക്കളും ചേർന്ന് മൊബൈൽ ഫോണുകൾ ഏറ്റു വാങ്ങി.മൊബൈൽ ഫോണുകളില്ലാത്ത 13 സ്‌കൂളുകളിലെ 50 കുട്ടികൾക്കാണ് ആദ്യഘട്ടമായി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കിയത്. സുഹൃത്തുക്കൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വാട്‌സ്ആപ്പ് കൂട്ടായ്മകൾ എന്നിവരുടെ സഹായത്തോടെയാണ് ഫോണുകൾ സമാഹരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി മുഖ്യാതിഥിയായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റ്റി.വി.അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.ആർ.റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. ജുമൈലത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉല്ലാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.സന്തോഷ്, അരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉദയമ്മ, സ്‌കൂൾ പ്രിൻസിപ്പൾ, ഹെഡ്മാസ്റ്റർ, എസ്.എം.സി.ചെയർമാൻ എന്നിവർ പങ്കെടുത്തു.