മലപ്പുറം:  ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 27 ആശുപ്രതികളെ സമ്പൂര്‍ണ്ണ സ്‌പെഷാലിറ്റി കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍ക്കിടയില്‍  സ്ഥിതിചെയ്യുന്ന  എക താലൂക്ക് ആശുപ്രതിയാണ് കൊണ്ടോട്ടി താലൂക്ക് ആശുപത്രി. കോഴിക്കോട്  വിമാനത്താവളത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഒരു റഫറല്‍ ആശുപ്രതി കൂടിയായ കൊണ്ടോട്ടി താലൂക്ക് ആശുപത്രി സമ്പൂര്‍ണ  സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ ചികിത്സ നല്‍കാന്‍ കഴിയും.

കൂടാതെ  മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിരവധി പേര്‍ക്കും വിമാനത്താവള യാത്രക്കാര്‍ക്കും ഏറെ  ഉപകാരപ്പെടും.  ആരോഗ്യ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ട് തേടി ആവശ്യമായ നടപടികള്‍  ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വണ്ടൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അരീക്കോട് താലൂക്ക് ഹെഡ്  ക്വാര്‍ട്ടേഴ്‌സ് ആശുപത്രി  എന്നീ ആശുപത്രികളാണ്   സമ്പൂര്‍ണ്ണ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുന്നത്.