തൃശ്ശൂർ: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന ‘അരികെ’ പദ്ധതിക്ക് തുടക്കമായി. അണ്ടത്തോട് പതിനെട്ടാം വാർഡിൽ നിന്ന് ആരംഭിച്ച ‘അരികെ’യുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവഹിച്ചു. വാർഡിലെ 10 പേർക്കുള്ള വാക്സിനേഷൻ പൂർത്തിയായി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ കിടപ്പ് രോഗികൾക്കും കോവിഡ് വാക്സിൻ വീടുകളിൽ എത്തി നൽകും.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ സിദ്ധാർത്ഥൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൂസ ആലത്തയിൽ, വാർഡ് മെമ്പർ പി എസ് അലി, മെമ്പർമാർ, മെഡിക്കൽ ഓഫീസർമാർ ഡോ. ശബ്നം അബു, ഡോ. ഫർസീന, ഹെൽത്ത് ഇൻസ്പെക്ടർ റഷീദ്, പാലിയേറ്റീവ് കെയർ പ്രതിനിധി സിന്ധു, ആശാവർക്കർമാർ, ആർആർടി അംഗങ്ങൾ എന്നിവർ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.