ആലപ്പുഴ: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന അനർഹരെ പൂർണമായും ഒഴിവാക്കുന്നതിനായി ശക്തമായ നടപടി പൊതുവിതരണ വകുപ്പ് സ്വീകരിക്കുന്നു. ജില്ലയിൽ അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്ന വ്യക്തികൾ ജൂൺ 30ന് മുൻപായി പിഴ കൂടാത റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. ജൂൺ 30ന് ശേഷം അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ , സർവീസ് പെൻഷൻകാർ, പ്രതിമാസ വരുമാന 25,000 രൂപയിൽ കൂടുതലുള്ളവർ , ആദായനികുതി ഒടുക്കുന്നവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണമുള്ള വീട്/ഫ്‌ളാറ്റ് ഉള്ളവർ, നാലുചക്ര വാഹനം ഉള്ളവർ(ഏക ഉപജീവനമാർഗ്ഗം ആയ ടാക്‌സി ഒഴികെ), സ്വന്തമായി ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉളളവർ(പട്ടികവർഗക്കാർ ഒഴികെ), കുടുംബത്തിലെ ആർക്കെങ്കിലും വിദേശജോലിയിൽ നിന്നോ സ്വകാര്യസ്ഥാപനങ്ങളിലെ ജോലിയിൽനിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനം ഉള്ളവരാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിന് അർഹതയില്ലാത്തവർ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2251674.