ആലപ്പുഴ: ചേർത്തല നഗരം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിച്ച നഗരസഭയിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 35 വാർഡുകളിലെ ഹരിത കർമ്മ സേനയെയാണ് പുനഃസംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനോദ്ഘാടനം എ.എം. ആരിഫ് എം.പി. നിർവഹിച്ചു.

ഒരു വാർഡിന് ഒരാൾ എന്ന നിലയിൽ കുടുംബശ്രീ അംഗങ്ങളെയാണ് ഹരിത കർമ്മ സേന അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹരിത കർമ്മ സേനക്കായി ഓരോ വാർഡിലും കളക്ഷൻ സെന്ററും വാർഡുകളിലെ മാലിന്യം ശേഖരിക്കുന്നതിനായി മേജർ കളക്ഷൻ സെന്ററും സ്ഥാപിക്കും. മാലിന്യ ശേഖരണത്തിനായി ഒരു പുതിയ വാഹനവും നഗരസഭ വാങ്ങും.

ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾക്ക്‌ 60 രൂപയും സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്നതിന് 100 രൂപയും ഈടാക്കും. സ്ഥാപനങ്ങൾ 10 കിലോയിൽ കൂടുതൽ അജൈവ മാലിന്യങ്ങൾ നൽകിയാൽ കൂടുതലുള്ളവയ്ക്ക് കിലോയ്ക്ക് 10 രൂപ വീതം അധികവും ഈടാക്കും. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുക.

നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ടോമി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സന്തോഷ്‌, വാർഡ് കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ വി. സുനിൽ കുമാർ, നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ തുടങ്ങിയവർ പങ്കെടുത്തു.