കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ സഹായിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കുട്ടികൾക്ക് പഠന സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഓൺലൈൻ ക്ലാസ് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ സർക്കാർ മുന്നോട്ടുപോവുകയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തത് കൊണ്ട് ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത തദ്ദേശഭരണ സ്ഥാപനങ്ങൾക്കുണ്ട്.

എവിടെയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള കുറവുകളുണ്ടെങ്കിൽ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ കുറവുകൾ പരിഹരിക്കാൻ ഈ ചലഞ്ച് ഉപയോഗപ്പെടുത്തണം. പഠന സാമഗ്രികളും മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഇന്റർനെറ്റ് കണക്ഷനുകളുമൊക്കെ കുട്ടികൾക്ക് വേണ്ടി ഉറപ്പാക്കേണ്ടതുണ്ട്. സ്പോൺസർഷിപ്പ്,  സംഭാവനകൾ  തുടങ്ങിയവയിലൂടെ ലാപ്ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങൾ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിന് ഡിജിറ്റൽ ഉപകരണ ചലഞ്ച് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.