കാസർഗോഡ്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ കീഴിൽ ഗ്രാമീണ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയിലൂടെ ഇതുവരെ പരിഹാരം കണ്ടത് ജില്ലയിലെ 55 ഓളം പരാതികൾക്ക്. ഗ്രാമീണ വനിതകൾക്ക് തൊഴിൽ, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷകാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങൾ ഒരേ ഉറവിടത്തിൽ നിന്നും ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബർ നാലിനാണ് കാസർകോട് ജില്ലയിൽ മഹിളാ ശക്തി കേന്ദ്രയുടെ പ്രവർത്തനം ആരംഭിച്ചത്.
പദ്ധതി വഴി സ്ത്രീകൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസുകൾ, നിയമ ക്ലാസുകൾ, കൗൺസിലിങ് സേവനങ്ങൾ, ജെൻഡർ ബേസ്ഡ് പരിപാടികൾ, സ്വയംപ്രതിരോധ പരിശീലന പരിപാടികൾ, ക്യാമ്പുകൾ, ഫീൽഡ് തല സന്ദർശനങ്ങൾ, സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ, തൊഴിൽ പരിശീലനങ്ങൾ, കൗൺസിലിംഗ്, നിയമ സഹായം, പോലീസ് സഹായം തുടങ്ങിയ സേവനങ്ങൾ നൽകി വരുന്നു.
ജില്ലാ തലത്തിൽ ഒരു വിമൻ വെൽഫയർ ഓഫീസർ, രണ്ട് ജില്ലാ കോ ഓർഡിനേറ്റർ എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. ജില്ലാതല കമ്മിറ്റിയാണ് മഹിളാ ശക്തി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കുന്ന പദ്ധതികൾ, സ്‌കീമുകൾ, നിയമങ്ങൾ എന്നിവ സംബന്ധിച്ച് ഗ്രാമീണ സ്ത്രീകളെ ബോധവത്ക്കരിക്കുകയും അവർക്ക് സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നു.
വനിതാ ശിശു വികസന വകുപ്പ് പുതുതായി ആവിഷ്‌കരിച്ച കാതോർത്ത് ഓൺലൈൻ പോർട്ടൽ വഴി 32 പരാതികൾ ലഭിക്കുകയും വേണ്ട സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തുവെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ കവിതറാണി രഞ്ജിത്ത് പറഞ്ഞു. മഹിളാ ശക്തി കേന്ദ്ര ഹെൽപ്പ് ലൈൻ നമ്പറായ 9400088166 ലൂടെയും ഇ മെയിൽ ഐ ഡിയായ mskkasaragod@gmail.com ലൂടെയും ബന്ധപ്പെടാവുന്നതാണ്.