ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരംഭിച്ച ‘എം.എൽ എ നിങ്ങളോടൊപ്പം’ പരിപാടിയിൽ രണ്ടാംദിനം ലഭിച്ചത് 234 അപേക്ഷകൾ. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നിന്നും 167 പരാതികൾ ലഭിച്ചു. മലയോര ഗ്രാമപഞ്ചായത്തായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ വിവിധങ്ങളായ ആവശ്യങ്ങളാണ് ഉയർന്നു വന്നത്. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ കക്കയം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സ്വന്തമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് എത്തിയത്.
കൂരാച്ചുണ്ടിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ നിവേദനം സമർപ്പിച്ചു.

റോഡുവികസനം, പുഴയോര സംരക്ഷണം, ആദിവാസി കോളനി വികസനം, വന്യ ജീവികളുടെ അക്രമണം ,കുടിവെള്ള പ്രശനം, ഇല്ലിത്തോട്ടം ഉത്തരവാദിത്ത ടൂറിസം വികസം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ചികിൽസ ധനസഹായത്തിനായുള്ള അപേക്ഷകളും നിവേദനമായി ലഭിച്ചു. അമ്പലക്കുന്ന് ആദിവാസി കോളനി അംബേദക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, ജനപ്രതിനിധികൾ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കായണ്ണ ഗ്രാമ പഞ്ചായത്തിൽ 67 പരാതികളാണ് ലഭിച്ചത്. പുഴയോര സംരക്ഷണം, റോഡുവികസനം, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം, മുത്താച്ചിപാറയുടെ ടൂറിസം വികസനം തുടങ്ങിയ നിവേദനങ്ങളാണ് പരിഗണനയിൽ വന്നത്. മുത്താച്ചി പാറയുടെ ടൂറിസം വികസനം സാധ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശശി, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.