മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തേണ്ട പദ്ധതികളെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി ഓൺലൈൻ ചർച്ച നടത്തി. സർക്കാർ ഈ മേഖലയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി ആമുഖമായി പറഞ്ഞു. തുടർന്ന് വിവിധ സംഘടനാ നേതാക്കൾ മേഖലയിലെ സാധ്യതകളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിൽ മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണം അടക്കമുള്ള പ്രശ്നങ്ങൾക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികളെ ഉൾനാടൻ, തീരപ്രദേശം എന്ന വേർതിരിവില്ലാതെ കാണുമെന്നും മന്ത്രി അറിയിച്ചു. രണ്ടു വർഷമായി കേന്ദ്രസർക്കാരിൽ നിന്നും സമ്പാദ്യ സമാശ്വാസ പദ്ധതിവിഹിതം ലഭിക്കുന്നില്ലെങ്കിലും സംസ്ഥാന സർക്കാർ ആ തുക കൂടി അനുവദിച്ച് പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.

വനിത മത്സ്യവിൽപനക്കാർക്ക് യാത്ര സൗകര്യം സൗജന്യമായി ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി യുമായി പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി ട്രേഡ് യൂണിയൻ പ്രതിനിധികളെ അറിയിച്ചു. നിലവിലുള്ള പാറ ഉപയോഗിച്ച് കടൽഭിത്തി നിർമ്മാണത്തിന് പുറമേ തീരസംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രയോജനപ്പെടുത്തുന്ന ബീച്ച് നറീഷ്മെന്റും ഹരിത കവചം തീർക്കലും അടക്കമുള്ള നൂതന മാർഗ്ഗങ്ങളും ശാസ്ത്രീയപഠനത്തെ അടിസ്ഥാനമാക്കി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

പി.പി ചിത്തരഞ്ജൻ എം.എൽ.എ, മത്സ്യ ബോർഡ് ചെയർമാൻ സി.പി കുഞ്ഞിരാമൻ, രഘുവരൻ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ- എ.ഐ.റ്റി.യു.സി), മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ആർ.ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഒട്ടുമ്മൽ (മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.റ്റി.യു), ചാൾസ് ജോർജ് (റ്റി.യു.സി.ഐ), ജനത മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് എ.റ്റി ശ്രീധരൻ, ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ, കൊല്ലം ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ മത്യാസ്, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാക്സൺ പൊള്ളയിൽ, സോണിയ ജോർജ്  (സേവ  (SEWA)) എന്നിവരും പങ്കെടുത്തു.