മലപ്പുറം: വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടിലായ കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ അധികൃതരുടെ അടിയന്തര നടപടി. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥലത്തെത്തിച്ച് കെ.എസ.്ഇ.ബി പ്രവൃത്തി തുടങ്ങി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നു മക്കളുടെ പഠനം വീട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്നു. തീര്‍ത്തും സൗജന്യമായാണ് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഓണ്‍ലൈന്‍ പഠനത്തിന് നല്ല സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊതുപ്രവര്‍ത്തകരും സഹായവുമായി എത്തിയിട്ടുണ്ട്തിരൂരങ്ങാടി തഹസില്‍ദാര്‍ പിഎസ് ഉണ്ണികൃഷ്ണന്‍, വില്ലേജ് ഓഫീസര്‍ അബ്ദുള്‍സലാം എന്നിവര്‍  ഇന്നലെ (ജൂണ്‍ 28) രാവിലെ വീട് സന്ദര്‍ശിച്ച ശേഷമാണ് വൈദ്യുതീകരണത്തിനുള്ള തീരുമാനമെടുത്തത്. ബാബുവിന് വീട്ടിലേക്ക് വൈദ്യുതി എത്തിക്കണമെങ്കില്‍ ചുരുങ്ങിയത് നാല് ഇലക്ട്രിക് പോസ്റ്റുകളെങ്കിലും വേണം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളായതിനാല്‍ ഇലക്ട്രിക് പോസ്്റ്റുകള്‍ക്ക്  പണം മുടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ബാബുവും മൂന്നു മക്കളും ഭാര്യ ലിജിഷയും അടങ്ങുന്ന കുടുംബം.  വീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ നാല് ഇലക്ട്രിക്ക് പോസ്റ്റുകളും കെ.എസ്.ഇ.ബി സ്ഥലത്തെത്തിച്ച് പ്രവൃത്തി തുടങ്ങിയതോടെ അതിന്റെ  സന്തോഷത്തിലാണ് കുടുംബം.