മലപ്പുറം: തിരുനാവായ ഭാരതപ്പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ നിരീക്ഷണത്തില്‍ അനധികൃത മണല്‍ കടത്തിന് ഉപയോഗിക്കുന്ന 16 വഞ്ചികളും നൂറോളം ലോഡ് മണല്‍ ശേഖരവും പിടിച്ചെടുത്തു. തിരൂര്‍ സി.ഐ. ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്ത് പരിധിയിലായിരുന്നു പരിശോധന. ലോക്ക്ഡൗണ്‍ സമയത്ത് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മറ്റ് ജോലികളില്‍ വ്യാപൃതരായതോടെ ഭാരതപ്പുഴയില്‍ വീണ്ടും മണലൂറ്റ് വ്യാപകമായിരുന്നു. തുടര്‍ന്നാണ് രണ്ട് പഞ്ചായത്തുകളിലെയും അനധികൃത മണല്‍ കടവുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

തിങ്കളാഴ്ച്ച (ജൂണ്‍ 28) രാവിലെ ഡ്രോണിന്റെ സഹായത്തോടെ ഭാരതപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് പുല്‍ക്കാടുകളില്‍ ഒളിപ്പിച്ചതും വെള്ളത്തില്‍ താഴ്ത്തിയതുമായ നിലയില്‍ 16 വഞ്ചികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വള്ളങ്ങള്‍ കരക്കെത്തിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു. തിരുനാവായ പഞ്ചായത്തിലെ താഴത്തറക്കടവ്, ബന്തര്‍ കടവ്, തിരുനാവായ കടവ്, തൃപ്രങ്ങോട് പഞ്ചായത്തിലെ കുഞ്ചുക്കടവ്, പള്ളിക്കടവ്, കമ്മുക്കന്‍ കടവ് എന്നിവിടങ്ങളില്‍ നിന്നായി നൂറോളം ലോഡ് മണലും പിടികൂടി.

ചാക്കുകളിലാക്കി കടവില്‍ സൂക്ഷിച്ച മണല്‍ പുഴയില്‍ തന്നെ നിക്ഷേപിച്ചു. തിരൂര്‍ സി.ഐ. ടി.പി ഫര്‍ഷാദ്, കുറ്റിപ്പുറം സി. ഐ. പ്രേമാനന്ദ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുകാരായ അഭിമന്യു, മുജീബ് ആന്റണി, ഷെറിന്‍ ജോണ്‍, വിജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.