മലപ്പുറം: കോവിഡിന്റെ രണ്ടാം ഘട്ടത്തിലും ചികിത്സ ഉറപ്പാക്കി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്. തവനൂര്‍ ഗവ. കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജിലെ വുമണ്‍സ് ഹോസ്റ്റലില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഇതിനോടകം ചികിത്സ ലഭിച്ചത് 150 ഓളം പേര്‍ക്കാണ്. നിലവില്‍ 23 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് വീടുകളില്‍ ക്വാറന്റീനിലായവര്‍ക്കും ഗ്രാമ പഞ്ചായത്തുകളില്‍ ഒരുക്കിയ ഡി.സി.സിയില്‍ കഴിയുന്നവര്‍ക്കും മെഡിക്കല്‍ ഓഫീസറുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റെയും നിര്‍ദേശ പ്രകാരമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത്. ചികിത്സക്കായി 200 കട്ടിലുകളാണ് ഒരുക്കിയിരിക്കുന്നത്. 15 ലധികം ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകളുമുണ്ട്. നാല് ഡോക്ടര്‍മാരുടെയും 16 നഴ്‌സുമാരുടെയും ഓഫീസ് സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭ്യമാണ്.

ഒ.പി, ഫ്രണ്ട് ഓഫീസ്, പരിശോധന മുറി, ഫാര്‍മസി, വിശ്രമമുറി, ജനറല്‍ വാര്‍ഡ്, ഡോക്ടേഴ്‌സ് റൂം, നഴ്‌സിങ് റൂം എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിശോധനകള്‍ക്കായി രോഗികളുടെ രക്തം ശേഖരിക്കുകയും തൊട്ടടുത്ത ഗവണ്‍മെന്റ്  ആശുപത്രികളിലെ ലാബിലേക്ക് എത്തിക്കുന്നതും സി.എഫ.്എല്‍.ടി.സി ജീവനക്കാരാണ്.

കോളജിനകത്തും മറ്റുമായി ജീവനക്കാര്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ് കോളജ് ഡീനായ ഡോ. കെ.കെ സത്യന്‍ ഉള്‍പ്പെടെയുള്ള കോളജ് അധികൃതര്‍ ജീവനക്കാര്‍ക്ക് താമസത്തിനായി കേരളഗാന്ധി കേളപ്പജി താമസിച്ചിരുന്ന വീട്, സി.എഫ.്എല്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി, വെളളം, ഇന്റര്‍നെറ്റ് കണക്ഷന്‍, ഇലക്ട്രീഷന്റെ സേവനം എന്നിവ സൗജന്യമായി വിട്ടു നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ റീഫില്ല് ചെയ്ത് എത്തിക്കാനായി ഡ്രൈവര്‍ ഉള്‍പ്പെടെ കോളജിന്റെ ജീപ്പും സൗജന്യമായി നല്‍കിയിട്ടുണ്ട്.

സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ സി എഫ് എല്‍ടിസിയിലേക്ക് ഇതിനോടകം മാസ്‌ക്, മരുന്നുകള്‍, പിപിഇ കിറ്റ്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ നല്‍കിയിട്ടുണ്ട്.  മെയ് 10 മുതല്‍ ആരംഭിച്ച സി.എഫ്.എല്‍.ടി.സി  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് ഒന്നാം ഘട്ടത്തില്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിലായിരുന്നു പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.എല്‍.ടി.സി സജ്ജമാക്കിയത്.