പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി അറിയിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന വിഭാഗങ്ങള്
പട്ടികജാതി-പട്ടികവര്ഗ സ്ത്രീ സ്ഥാനം – ഒന്ന്
പട്ടികജാതി-പട്ടികവര്ഗ സ്ഥാനം -ഒന്ന്,
സ്ത്രീ സ്ഥാനങ്ങള് – നാല്
ജനറല് സ്ഥാനങ്ങള് – നാല്
മേല്പറഞ്ഞ ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന് ഉദ്ദേശിക്കുന്നവര് നാമനിര്ദേശപത്രിക ജൂലൈ ആറിന് രാവിലെ 10.30 നകം വരണാധികാരിക്ക് സമര്പ്പിക്കണം. സ്ഥാനാര്ഥിയുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള് കൂടുതലാണെങ്കില് ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ട് മൂലം ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കും.
പട്ടികജാതി /പട്ടികവര്ഗം സംവരണ സ്ഥാനത്തേക്ക് അംഗത്തെ തിരഞ്ഞെടുക്കാന് കഴിയാതെ വരുന്ന സാഹചര്യത്തില് പട്ടികജാതിയിലോ പട്ടികവര്ഗത്തിലോ ഉള്പ്പെട്ട ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെയും ജനറല് വിഭാഗം സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളുടേയും തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ ഒമ്പതിന് രാവിലെ 11 ന് വീണ്ടും ചേരും. എന്നാല്, പട്ടികജാതിയിലോ പട്ടികവര്ഗത്തിലോ പെട്ട ജില്ലാ പഞ്ചായത്ത് അംഗത്തെ ആ യോഗത്തില് തിരഞ്ഞെടുക്കാന് കഴിഞ്ഞില്ലെങ്കില് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ജനറല് വിഭാഗം (ഒരു സ്ത്രീ പ്രാതിനിധ്യം ഉള്പ്പെടെ) തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജൂലൈ 13 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് വീണ്ടും യോഗം ചേരുമെന്നും ജില്ലാ കലക്ടര് അറിയിച്ചു.