ലെയ്‌സണ്‍ ഓഫീസര്‍ നിയമനം- റവന്യൂ വകുപ്പില്‍നിന്ന് വിരമിച്ചവര്‍ക്ക് അവസരം
കോഴിക്കോട്: നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജില്ലാ ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസറെ നിയമിക്കുന്നു. റവന്യൂ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ചതും ഈ മേഖലയില്‍ പരിചയസമ്പന്നരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ജൂലൈ ഒമ്പതിന് മൂന്നു മണിക്കകം ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ലാന്റ് അക്വിസിഷന്‍ വിഭാഗവുമായി ബന്ധപ്പെടണം.
ഭൂവുടമകള്‍ക്ക് റീസര്‍വ്വേ രേഖകള്‍ പരിശോധിക്കാം
വടകര താലൂക്ക് എടച്ചേരി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 72 കച്ചേരി, 73 കായപ്പനച്ചി ദേശങ്ങളിലെ ഭൂവുടമകളുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീര്‍ണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്‍വ്വേ രേഖകള്‍ ഭൂവുടമകള്‍ക്ക് എടച്ചേരി വില്ലേജ് ഓഫീസില്‍ പരിശോധനക്ക് ലഭിക്കുമെന്ന് കോഴിക്കോട് സര്‍വ്വേ റേഞ്ച് അസി.ഡയറക്ടര്‍ അറിയിച്ചു. ആക്ഷേപമുള്ളവര്‍ രേഖകള്‍ പരസ്യപ്പെടുത്തി 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. രേഖകള്‍ പരിശോധിക്കാന്‍ വരുന്നവര്‍ ഭൂമിയിന്മേലുള്ള അവകാശം തെളിയിക്കുന്ന റിക്കോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അതും ഹാജരാക്കണം. നിശ്ചിത ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വ്വേ രേഖകളില്‍ കാണിച്ചിട്ടുള്ള ഭൂവുടമയുടെ പേര്, ഭൂമിയുടെ അതിര്‍ത്തി, വിസ്തീര്‍ണ്ണം എന്നിവ അന്തിമമായി പരിഗണിച്ച് സര്‍വ്വേയും അതിര്‍ത്തികളും സംബന്ധിച്ച ആക്ടിലെ 13ാം വകുപ്പ് അനുസരിച്ച് അന്തിമ വിജ്ഞാപനം പരസ്യപ്പെടുത്തും. സര്‍വ്വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനം എടുത്ത് സര്‍വ്വേയും അതിര്‍ത്തികളും സംബന്ധിച്ച ആക്ട് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.
മത്സ്യബന്ധനയാനവും എഞ്ചിനും ഇന്‍ഷൂര്‍ ചെയ്യാം
പരമ്പരാഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധനയാനങ്ങള്‍ക്കും എഞ്ചിനും 10% പ്രീമിയം ഒടുക്കി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി ഒന്നിന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. അപേക്ഷ ഫോം ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ലഭിക്കും. കടല്‍ക്ഷോഭത്തിലുംമറ്റും പെട്ട് യാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള യാനങ്ങള്‍ക്ക് മാത്രമേ ഭാവിയില്‍ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അപേക്ഷകള്‍ അതത് മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ജൂലൈ 10 നകം സമര്‍പ്പിക്കണം. ഫോണ്‍ 0495-2383780
കാവല്‍ പ്ലസ് പദ്ധതി : സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടുകൂടി നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളതോ സാമൂഹ്യ നീതി വകുപ്പിന്റെ അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ ആയതും പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ളതുമായ ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷയും താല്‍പര്യപത്രവും ക്ഷണിച്ചു.
സംഘടന 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട്, 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട്, 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്റ്റ് എന്നിവയിലേതെങ്കിലുമൊന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, ബി.എസ്.ഡബ്ല്യൂ കോഴ്സുകള്‍ നടത്തുന്ന അക്കാദമി സ്ഥാപനങ്ങളുടെ ഔട്ട്റീച്ച് സംവിധാനമായിരിക്കണം. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള സംഘടനയായിരിക്കണം. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘടനകള്‍ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952378920, 8075849940.
ലേലം 7 ന്
ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നിന്നും ചെങ്കല്ലുകള്‍ മുറിച്ചുമാറ്റുന്നതിനും തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല, ചാരവട്ട എന്നീ മരങ്ങളും കോളേജ് ഓഫീസില്‍ ലേലം ചെയ്യും. ചെങ്കല്ലുകള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലം ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്കും മരങ്ങള്‍ ലേലം ചെയ്യുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714.
ടെണ്ടര്‍ ക്ഷണിച്ചു
പുറമേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലാബിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ റീ ഏജന്റുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ന് ഉച്ച 12 മണി. ഫോണ്‍ : 0496 2581880, 8547048148, 8304948148.
സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ-പദ്ധതിയില്‍ സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി നല്‍കി യന്ത്രവല്കൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. https://agrimachinery.nic.in/index വെബ്സൈറ്റ് വഴി നടപടികള്‍ പൂര്‍ത്തിയാക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന. എല്ലാവിധ കാര്‍ഷിക യന്ത്രോപകരണങ്ങളും വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകള്‍, നെല്ല് കുത്തുന്നമില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന യന്ത്രങ്ങള്‍, ഓയില്‍ മില്ലുകള്‍ തുടങ്ങിയവയും ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പദ്ധതി നിബന്ധനകളോടെ 40 മുതല്‍ 60 ശതമാനം വരെ സബ്സിഡി ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80% നിരക്കില്‍ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപവരെയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തുകയുടെ 40% വരെയും സബ്സിഡി ലഭിക്കും. രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ : ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത് , ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രം).
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയത് മെഷീന്‍ വാങ്ങികഴിഞ്ഞാല്‍ അതതു ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക സഹായം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാല്‍ ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സര്‍ക്കാര്‍ ഓഫീസില്‍ വരേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി https://agrimachinery.nic.in/index വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ കോഴിക്കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഇ മെയില്‍ : aeeagrikkd@gmail.com ഫോണ്‍ 9605040585, 9383471799, 9400070816.
കോവിഡ് : ധനസഹായം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് (പെന്‍ഷന്‍ വാങ്ങുന്നവര്‍ മരണമടഞ്ഞ അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍) 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്നു. കഴിഞ്ഞവര്‍ഷം സഹായധനം ലഭിച്ച വര്‍ക്ക് അപേക്ഷ കൂടാതെ രണ്ടാംഘട്ട സഹായധനം അനുവദിക്കും. കഴിഞ്ഞവര്‍ഷം ധനസഹായം ലഭിക്കാത്ത അംഗങ്ങളും പുതിയ അംഗങ്ങളും അക്ഷയകേന്ദ്രം മുഖേന www.boardswelfareassistance.lc.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0483 2760204.
കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്‍ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്ററിലെ സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. വിശദവിവരം www.srccc.in ല്‍ ലഭിക്കും. ഫോണ്‍ 9961436398, 9656284286.
തീരമൈത്രി സീഫുഡ് റെസ്റ്ററെന്റ് യൂണിറ്റിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിനു കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തീരമൈത്രി സീഫുഡ് റെസ്റ്ററെന്റ് തുടങ്ങുന്നതിന് കടല്‍/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ 20 നും 50 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ് കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക.ഫോണ്‍ : 9745100221, 9526039115.
പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച- സമയക്രമം
ഗവ. മെഡിക്കല്‍ കോളേജില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് ജൂലൈ അഞ്ച് മുതല്‍ 14 വരെ നടത്തുന്ന കൂടിക്കാഴ്ചക്കുളള സമയക്രമം നിശ്ചയിച്ചു. ക്രമ നമ്പര്‍, തീയതി, സമയം എന്ന ക്രമത്തില്‍ : ഒന്ന് മുതല്‍ 30 വരെ ജൂലൈ അഞ്ചിന് രാവിലെ 10 മണി, 31 മുതല്‍ 60 വരെ ഉച്ച രണ്ട് മണി, 61 മുതല്‍ 90 വരെ ജൂലൈ ആറിന് 10 മണി, 91 മുതല്‍ 120 വരെ രണ്ട് മണി, 121 മുതല്‍ 150 വരെ ജൂലൈ ഏഴിന് രാവിലെ 10, 151 മുതല്‍ 180 വരെ രണ്ട് മണി, ജൂലൈ എട്ടിന് 181 മുതല്‍ 210 വരെ രാവിലെ 10, 211 മുതല്‍ 240 വരെ രണ്ട് മണി, ജൂലൈ ഒന്‍പതിന് 241 മുതല്‍ 270 വരെ രാവിലെ 10, 271 മുതല്‍ 300 വരെ രണ്ട് മണി, ജൂലൈ 12 ന് 301 മുതല്‍ 330 വരെ രാവിലെ 10, 331 മുതല്‍ 360 വരെ രണ്ട് മണി, ജൂലൈ 13 ന് 361 മുതല്‍ 390 വരെ രാവിലെ 10, 391 മുതല്‍ 420 വരെ രണ്ട് മണി, ജൂലൈ 14 ന് 421 മുതല്‍ 450 വരെ രാവിലെ 10 ന്, 451 മുതല്‍ 489 വരെ രണ്ട് മണിക്ക്. കത്ത് ലഭിച്ചവര്‍ സമയക്രമ പ്രകാരം മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാവണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
റേഷന്‍ വിതരണം ജൂലൈ ആറ് വരെ
പിഎംജികെഎവൈ ഉള്‍പ്പെടെ ജൂണ്‍ മാസത്തിലെ എല്ലാ റേഷന്‍ വിതരണവും ജൂലൈ ആറ് വരെ ദീര്‍ഘിപ്പിച്ചിതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലെ കിറ്റ് വിതരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.
റേഷന്‍ സമയം പുനക്രമീകരിച്ചു
കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ ഒന്ന്) മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെയും 3.30 മുതല്‍ 6.30 വരെയും പുനക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുളള കുറ്റിപ്പുറം നോളജ് സെന്ററില്‍ റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത എസ്എസ്എല്‍സി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്. ഫോണ്‍- 0494 2697288, 7306451408.
പ്രീ-പ്രൈമറിക്കാര്‍ക്കുള്ള കളിത്തോണിയുമായി
അധ്യാപകര്‍ വീടുകളിലേക്ക്
കോവിഡ് കാലത്തും കൊച്ചുകൂട്ടുകാരുടെ പഠനം രസകരമാക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയ പുസ്തകം അധ്യാപകര്‍ കുട്ടികളുടെ വീട്ടിലെത്തിക്കുന്നു. പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകമായ ‘കളിത്തോണി’യുടെ ജില്ലാതല വിതരണോദ്ഘാടനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് തിരുവണ്ണൂരിലെ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളായ സൂനി ഫാത്തിമ, ആയിഷ ഇഷ, ഫര്‍ഹ എന്നിവരുടെ വീടുകളിലെത്തി നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിര്‍മല കെ, ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുള്‍ ഹക്കീം, ജില്ലാ പ്രോഗാം ഓഫീസര്‍ ഡോ.എ.കെ. അനില്‍കുമാര്‍, ജി.യു.പി.എസ്. തിരുവണ്ണൂര്‍ പ്രഥമഅധ്യാപകന്‍ മണിപ്രസാദ് എന്‍.എം., എസ്.എം.സി. ചെയര്‍മാന്‍ ഹാരിസ് ടി.പി., പ്രീ-പ്രൈമറി അധ്യാപികമാരായ രമ്യ.ഇ.പി, രാധിക എം, യു.ആര്‍.സി.സൗത്ത് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ്.കെ. എന്നിവര്‍ പങ്കെടുത്തു.