കാസർഗോഡ്: ട്രഷറി ഇടപാടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നതിനായി പെൻഷൻകാർക്കും ഇടപാടുകാർക്കും ജൂലൈ മാസം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ട്രഷറി കൗണ്ടറുകളിൽ കൂടി നേരിട്ടുള്ള പെൻഷൻ വിതരണം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ നിശ്ചിത നമ്പറിൽ അവസാനിക്കുന്ന പിടിഎസ്ബി അക്കൗണ്ട് ഉടമകൾക്ക് മാത്രമായി ക്രമീകരിച്ചു.

നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് ആ ദിവസം പെൻഷൻ വിതരണം ചെയ്യില്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പെൻഷൻ അക്കൗണ്ട് നമ്പർ ക്രമീകരണങ്ങൾ ഇങ്ങനെ: തിങ്കൾ-രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർ, ഉച്ച കഴിഞ്ഞ് പിടിഎസ്ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.

ചൊവ്വ-രാവിലെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർ.
ബുധൻ-രാവിലെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്നവർ.
വ്യാഴം-രാവിലെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് അക്കൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്നവർ.
വെള്ളി-രാവിലെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർ, ഉച്ച കഴിഞ്ഞ് പെൻഷൻ അക്കൗണ്ട് നമ്പർ ഒമ്പതിൽ അവസാനിക്കുന്നവർ.
പെൻഷൻ നേരിട്ട് കൈപ്പറ്റുന്നതിനായി ഒരാൾ അവരവർക്ക് അനുവദിക്കപ്പെട്ട സമയത്ത് സ്വന്തം ചെക്കിനോടൊപ്പം ജീവിതപങ്കാളിയുടെ ചെക്കുകൾ കൂടി ഹാജരാക്കിയാൽ പങ്കാളിയുടെ പെൻഷനും അതോടൊപ്പം തന്നെ വിതരണം ചെയ്യുന്നതാണ്.

ടി.എസ്.ബി, ഇ.ടി.എസ്.ബി തുടങ്ങിയ വ്യക്തിഗത അക്കൗണ്ടുകളുടെ കാര്യത്തിൽ, ഒറ്റ അക്കത്തിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഒറ്റ അക്ക തിയ്യതിയിലും ഇരട്ട അക്കത്തിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഇരട്ട അക്ക തിയ്യതിയിലും ട്രഷറി സേവനങ്ങൾ ലഭ്യമാക്കും. വ്യക്തിഗത ടി.എസ്.ബിയിൽ വരവ് വെച്ച് നൽകിയ പലിശ തുക പിൻവലിക്കുന്നത് ഒഴികെയുള്ള എല്ലാ ടി.എഫ്.ഡി സംബന്ധ ഇടപാടുകളും സേവനങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ട്രഷറിയിൽ ലഭ്യമാക്കേണ്ടതാണ് .

ഓൺലൈൻ ടി.എസ്.ബി ബാങ്ക് സൗകര്യം

എല്ലാ പെൻഷൻകാർക്കും Kerala Pension Portal എന്ന വെബ് സർവീസ് വഴിയും Kerala Pension എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയും പെൻഷൻ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . ട്രഷറികളിൽ നേരിട്ട് എത്താതെ തന്നെ അക്കൗണ്ടുകളിലേക്ക് പി.ടി.എസ്.ബി, ടി.എസ്.ബി, ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റുന്നതിനായി ഓൺലൈൻ ടി.എസ്.ബി ബാങ്ക് സൗകര്യവും ഏർപ്പെടുത്തി.

കൂടാതെ എല്ലാ ട്രഷറികളിലും ഇ-മെയിൽ മുഖേന പെൻഷൻ സംബന്ധമായ പരാതികളും അനുബന്ധ രേഖകളും സമർപ്പിക്കാനും അവയുടെ പരിഹാരം കണ്ടെത്തി ഇ-മെയിൽ മുഖേന തന്നെ മറുപടി ലഭ്യമാക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. എല്ലാ ട്രഷറികളുടെയും ഉദ്യോഗിക മെയിൽ ഐഡിയും ഫോൺ നമ്പറും വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പെൻഷൻ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഡിക്ലറേഷൻ സമർപ്പിക്കുന്നതിനായുള്ള അവസാന തീയതി നീട്ടാനായി സർക്കാരിലേക്ക് സമർപ്പിച്ച ശുപാർശയിൻമേൽ മറുപടി ലഭ്യമാവുന്നത് വരെ പെൻഷൻകാർ ഇതിനായി ട്രഷറികളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. എന്നാൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചോ തപാൽ മുഖേനയോ ഡിക്ലറേഷൻ സമർപ്പിക്കുന്നത് തുടരാമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.