കാസർഗോഡ്: കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളായി അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപിച്ചു. വിവരസാങ്കേതിക വിദ്യയുടെ ആധുനീകവത്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമായും കൃത്യതയോടെയും വേഗത്തിലും പ്രവര്‍ത്തിക്കുന്നതിനും ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിനും ഇ ഓഫീസുകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ്, നിയമസഭാ, എം.എല്‍.എ മാരുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും ഇനി താഴെത്തട്ടിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍കൂടി ഇ ഫയലുകളാകുന്നതോടെ കാര്യക്ഷമമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായി ഇഓഫീസുകളാകുന്ന കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിലെ ജന പ്രതിനിധികളെയും നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനതലത്തില്‍ തന്നെ ആദ്യമായി ഈ നേട്ടം കൈവരിച്ചതിലൂടെ കാസര്‍കോട് ഒരിക്കലും ഒരു പിന്നോക്ക ജില്ലയല്ലായെന്ന് നാം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഓഫീസ് സംവിധാനങ്ങളുടെ ഡിജിറ്റല്‍ലൈസേഷന്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഗ്രാമ പഞ്ചായത്തുകളിലേക്ക് കൂടി നടത്തി സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകള്‍ ഇ ഓഫീസുകളാകുന്നതോടെ ജന പ്രതിനിധികള്‍ക്ക് കൂടുതല്‍ സമയം പൊതു പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. ഫയലുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാനും സുതാര്യമായ ഓഫീസ് നിര്‍വ്വഹണത്തിനും ഇതിലൂടെ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഗ്രാമ വികസന കമ്മീഷണര്‍ വി.ആര്‍ വിനോദ് മുഖ്യ അതിഥിയായി. അഡീഷണല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ വി.എസ്. സന്തോഷ് കുമാര്‍, ദാരിദ്ര്യ ലഖൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാറഡുക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു സ്വാഗതവും ജില്ലാ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ നിഫി.എസ്.ഹക്ക് നന്ദിയും പറഞ്ഞു.

ഒരു മാസക്കാലത്തിനുള്ളില്‍ ജില്ലയിലെ മറ്റ് നാല് ബ്ലോക്ക് പഞ്ചായത്തുകള്‍കൂടി ഇ ഓഫീസ് സൗകര്യത്തിലേക്ക് മാറി ഈ മേഖലയില്‍ സമ്പൂര്‍ണ്ണ നേട്ടം കൈ വരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.