പരാതിക്കാരിയുടെ കാല്‍ക്കല്‍വീണു ക്ഷമായാചന
മദ്യപനായ കീഴ്ജീവനക്കാരന്റെ പെരുമാറ്റദൂഷ്യം പരാതിയായി വനിതാ കമ്മീഷനു മുന്നിലെത്തിയപ്പോള്‍ പ്രതി വാദിയുടെ കാല്‍ക്കല്‍വീണ് മാപ്പുപറഞ്ഞു. പിന്നീട് ജീവനക്കാര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനുള്ള നഴ്‌സിംഗ് അസിസ്റ്റന്റിന് കമ്മീഷന്‍ താക്കീത് നല്‍കിയിരിക്കുകയാണ്. ഇയാള്‍ക്കെതിരേ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇയാളുടെ ഭാര്യയും കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നു. മഞ്ചേശ്വരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതി നല്‍കിയത്.
വസ്തു, സാമ്പത്തിക തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പുതിയതും നേരത്തെയുള്ളതുമായ അന്‍പത് പരാതികളാണ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിംഗില്‍ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 19 എണ്ണത്തിന് തീരുമാനമായി. മറ്റ് പരാതികള്‍ പോലീസ്, മറ്റ് വിവിധ വകുപ്പുകള്‍, ആര്‍ഡിഒ എന്നിവര്‍ക്ക് തീരുമാനമെടുക്കാനായി വിട്ടു. കഴിഞ്ഞ സിറ്റിംഗില്‍ പോലീസിനെ നിശിതമായി വിമര്‍ശിച്ച കമ്മീഷന്‍ ഇത്തവണ അവരുടെ ഇടപെടലില്‍ തൃപ്തി അറിയിച്ചു. വനിതാ പോലീസ് സെല്‍ സിഐയുടെ നേതൃത്വത്തില്‍ ഒരു സംഘം കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എത്തിയിരുന്നു.
വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, ഇ.എം.രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ എ.പി.ഉഷ, എസ്.എന്‍.സരിത, വനിതക്ഷേമ ഓഫീസര്‍ പി.സുലജ, വനിതാ പോലീസ് സെല്‍ സിഐ: പി.വി.നിര്‍മല, സിപിഒ ലിഷ, കൗണ്‍സലര്‍ രമ്യമോള്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.