കണ്ണൂർ: പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനിയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. ഇന്നത്തെ കാലം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും സമയബന്ധിതമായി ഇതു പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച മാറ്റമുണ്ടാക്കാന്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനിയില്‍ നടപ്പാക്കുന്നത്. റോഡ് നിര്‍മ്മാണം, ടാറിങ്, ഫൂട്പാത്ത് നിര്‍മ്മാണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, എട്ട് വീടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ പ്രവൃത്തികളുടെ ചുമതല.

പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ കോളനികളെ തെരഞ്ഞെടുത്ത് നവീകരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി അഴീക്കോട് മണ്ഡലത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട കോളനിയാണ് മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനി.

ചടങ്ങില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ പ്രദീപ്കുമാര്‍, അംഗം ഒ കെ കുഞ്ഞിമൊയ്തീന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, മുണ്ടയാട്ട് സെറ്റില്‍മെന്റ് കോളനി മോണിറ്ററിംഗ് കമ്മിറ്റിയംഗം എ ഷൈജു, സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.