എറണാകുളം: ജിഡ പദ്ധതിയിൽ ഉൾപ്പെടുത്തി എടവനക്കാട് പഞ്ചായത്തിൽ ആധുനിക മാർക്കറ്റ് സ്ഥാപിക്കുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. വൈപ്പിൻ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തി ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു എടവനക്കാട് ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടന്ന. എംഎൽഎ യുടെ ജനസമ്പർക്ക പരിപാടിയിലാണ് എം എൽ എ യുടെ ഉറപ്പ്.

കൂടാതെ സർക്കാർ വകുപ്പുകളുടെ ഏകോപനവും ഗ്രാമപഞ്ചായത്തിലെ പദ്ധതികളുടെയും പ്രശ്‌നങ്ങളുടെയും പരിഹാരവും എംഎൽഎ ഉറപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്കുള്ള സർക്കാർ സഹായങ്ങൾ ജനങ്ങളിലെത്തുന്നുവെന്ന് ജനപ്രതിനിധികൾ ഉറപ്പാക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ സാങ്കേതിക സഹായങ്ങൾ ഒരുക്കാനും ലൈഫ് മിഷൻ പദ്ധതികളുടെ കാര്യത്തിൽ വ്യക്തത വരുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .

ജനങ്ങളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും അടിയന്തര ആവശ്യങ്ങൾക്ക് സത്വര പരിഹാരം കണ്ടെത്തുകയാണ് പരിപാടിയുടെ ലക്‌ഷ്യം . മണ്ഡലത്തിലെ സമഗ്ര ജനക്ഷേമവും സർക്കാർ പദ്ധതികളുടെ ലഭ്യതയും ജനസമ്പർക്കത്തിലൂടെ ഉറപ്പാക്കും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ഭരണ സമിതി തലത്തിൽ നടത്തുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കും പരാതികൾ സമർപ്പിക്കാൻ അവസരമുണ്ടാകും.

പദ്ധതിയുടെ അടുത്ത ഘട്ടമായി പൊതുജനങ്ങൾക്ക് മാത്രമായി പരാതികൾ അറിയിക്കാനും കഴിയുന്നത്ര പരിഹാരം ഉണ്ടാക്കാനും ഉതകുന്ന ജനസമ്പർക്ക പരിപാടി ആരംഭിക്കും .രണ്ടാഴചയ്ക്കുശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ജനസമ്പർക്ക അവലോകന യോഗം വിളിക്കുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്‌ദുൾസലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ഇക്‌ബാൽ, സെക്രട്ടറി റീജ സി ജെ എന്നിവർ പ്രസംഗിച്ചു.