മലപ്പുറം:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ക്ക്  40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കി യന്ത്രവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അര്‍ഹമായ മുന്‍ഗണന ലഭിക്കും. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്) എന്നിവയാണ് ആവശ്യമായ രേഖകള്‍.

പദ്ധതിയുടെ  കര്‍ഷക രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ. ചന്ദ്രന്‍ നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ബി. സന്തോഷിന്റെ നേതൃത്വത്തിലാണ്  പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ  കാര്യാലയത്തില്‍ ആരംഭിച്ചു. ചടങ്ങില്‍ ആനക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത, കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.കെ ജീജ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് യു.ബിനോയ്, കൃഷി ഓഫീസര്‍ ജയ്‌സല്‍ ബാബു, ഇരുമ്പുഴി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.പി. ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് (https://www.agrimachinery.nic.in  എന്ന വെബ്‌സൈറ്റിലോ, കൃഷി ഭവനുകളിലോ, മലപ്പുറം ആനക്കയത്തുള്ള  കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടാം:  ഫോണ്‍: 9383471799, 9447287447, 7306109485, 9446246671.