ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 55 ഗ്രന്ഥശാലകള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഗ്രന്ഥശാല ഭാരവാഹികള്‍ക്ക് ലാപ്‌ടോപ്പുകള്‍ കൈമാറി. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള ജില്ലയിലെ എല്ലാ വായനശാലകള്‍ക്കും ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍ എന്നിവ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പൊതു ഇടമായി വായനശാലകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ച് രണ്ട് ഘട്ടമായി നടത്തിയ ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുമ ലാല്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.കെ ഗോപന്‍, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.