കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഇടപെടൽ വഴി സംസ്ഥാനം പച്ചക്കറി ഉൽപാദന മേഖലയിൽ മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂട്ടായ പ്രവർത്തനത്തിലൂടെ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനെല്ലാമായാണ് കർഷകർ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ എന്നിവ ഞാറ്റുവേല ചന്തകൾ വഴി കൃഷിഭവൻ ജനങ്ങളിൽ എത്തിക്കുന്നത്.

പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റവും സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുന്ന ഒരുകോടി ഫലവൃക്ഷത്തൈ വിതരണ ഉദ്ഘടനവും ചടങ്ങിൽ നടത്തി. കർഷകർക്കാവശ്യമായ എല്ലാ ഇനം നടീൽ വസ്തുക്കളും ഞാറ്റുവേല ചന്ത വഴി വിപണനം നടത്തുന്നുണ്ട്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. കാക്കൂർ കൃഷി ഓഫീസർ വി.പി.നന്ദിത സ്വാഗതവും കൃഷി അസ്‌ഡിസ്റ്റന്റ് അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.