* മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു രംഗവും സമൂഹത്തിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ കേരളത്തിലെ സഹകാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തന്നെ 15,000ലേറെ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ക്രെഡിറ്റ് രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആതുര സേവന രംഗത്ത്, വ്യവസായ രംഗത്ത്, കൺസ്യൂമർ രംഗത്ത്, ഭവന നിർമ്മാണ രംഗത്ത് തുടങ്ങി എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ആശ്വാസമാണ്. തങ്ങൾക്കുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു സമാന്തര സാമ്പത്തിക സങ്കേതമായി ജനങ്ങൾ സഹകരണ മേഖലയെ നോക്കിക്കാണുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരള ബാങ്ക് വരുന്നതോടുകൂടി ഈ മേഖലയ്ക്ക് വലിയ ഉണർവാണ് ലഭിക്കുന്നത്. നാഷണലൈസ്ഡ്, കോമേഴ്‌സ്യൽ ബാങ്കുകൾ നമ്മുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അതിൽ നല്ലൊരു ശതമാനം കുത്തകകൾക്ക് വായ്പായും ഒ.ഡിയായും നൽകുന്നു. കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായി ഉയർച്ചക്ക് വേണ്ടി വിനിയോഗിക്കുന്ന ഇടപെടലാണ് കേരളബാങ്കിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്ക് ന്യൂജെൻ ബാങ്കിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എൻ.ഇ.എഫ്.റ്റി. ആർ.റ്റി.ജി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. ഇന്ന് കാണുന്ന കാർഷികമേഖലയുടെ പുരോഗതിക്ക് അടിസ്ഥാനം സഹകരണമേഖലയുടെ ഇടപെടലാണ്.
2020 ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവ്വഹിച്ചു. 8 വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി. ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് അവാർഡ് ഇ.എം.എസ്. സഹകരണ ആശുപത്രി, പെരിന്തൽമണ്ണയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു. പ്രത്യേക പുരസ്‌കാരം നേടിയവർക്കും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ 44-ാം ജൻമദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.
ജവഹർ സഹകരണ ഭവനിൽ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയാണ് സഹകരണ ദിനാഘോഷ ചടങ്ങുകൾക്ക് ആരംഭംമായത്. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ് സഹകരണ കർമ്മ പദ്ധതി വിശദീകരിച്ചു. വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി.കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.