മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ മൂന്ന്) കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,26,061 പേരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,591 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 21 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 26 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 33,473 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 13,765 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 597 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 256 പേരും 138 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 417 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,197 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.