മലപ്പുറം: പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ‘അവള്‍ ഉയര്‍ന്ന് പറക്കട്ടെ’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും സമത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന വനിതാ കമ്മീഷന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  പെണ്‍കുട്ടികളെ അവരുടെ സാമൂഹികമായുള്ള വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കി സമൂഹത്തില്‍ ഉയര്‍ന്ന ശ്രേണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാമ്പയിന്‍ നടപ്പാക്കുന്നത്. 10-ാം ക്ലാസിലേയും ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേയും വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും ലിംഗസമത്വ ബോധവും വളര്‍ത്തുന്നതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും നടപ്പാക്കും.

ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി. സര്‍ട്ടിഫൈഡ് ലൈഫ് കെയര്‍ കൗണ്‍സിലര്‍ ജിഷ ത്യാഗരാജ്  തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം, ആര്‍.ഡി.ഡി കെ. സ്‌നേഹലത, വി.എച്ച്.എസ്.സി. എ.ഡി  എം. ഉബൈദുള്ള, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ ടി. രത്നാകരന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുള്‍റഷീദ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് മുസ്തഫ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി,പി.ടി.എ പ്രസിഡന്റ് ഗോവിന്ദ പ്രസാദ്, പ്രിന്‍സിപ്പാള്‍ കെ.ശ്രീജിത്, പ്രധാനാധ്യാപകന്‍ പി. സ്രാജൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.