കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗജന്യ ഒ പി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഒ പി യിലെത്തുന്ന രോഗികള്‍ക്കാവശ്യമായതും സര്‍ക്കാര്‍ അനുവദിക്കുന്നതുമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായാണ് പ്രത്യേക ഫാര്‍മസി പുതുതായി ഒരുക്കിയത്. നിര്‍മാണച്ചെലവും എംആര്‍പിയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന മരുന്നു വിപണികളുടെ കാലത്ത് സൗജന്യ ഒപികള്‍ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാണെന്ന് എംഎല്‍എ പറഞ്ഞു.
ആശുപത്രിയിലെ വിവിധ ഒപി കളിലെത്തുന്ന രോഗികള്‍ക്കാവശ്യമുള്ള, സര്‍ക്കാര്‍ ലഭ്യമാക്കുന്ന മരുന്നുകളാണ് ഈ ഫാര്‍മസി വഴി സൗജന്യമായി അനുവദിക്കുക.

മെഡിക്കല്‍ കോളേജിലെ രണ്ടാം നിലയിലുള്ള ഫാര്‍മസി ബ്ലോക്കില്‍, കാരുണ്യാ ഫാര്‍മസിക്ക് മുന്നിലായാണ് സൗജന്യ ഒ പി ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ നിര്‍മ്മിതി കേന്ദ്രയാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. മുന്‍ എംഎല്‍എ ടി വി രാജേഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ. ഡി കെ മനോജ്, ഡോ. വിമല്‍ റോഹന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.