കണ്ണൂർ: പഴയങ്ങാടി പുഴയില്‍ മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട ചെറുകുന്ന് താവം സ്വദേശിയും ക്ഷേമനിധി ബോര്‍ഡ് അംഗവുമായിരുന്ന എസ് വിജയന്റെ മരണാനന്തര ഇന്‍ഷുറന്‍സ് പരിരക്ഷ ധനസഹായമായ 10 ലക്ഷം രൂപ ഭാര്യ എസ് അംബികയ്ക്ക് കൈമാറി. എം വിജിന്‍ എംഎല്‍എ അവരുടെ  വീട്ടിലെത്തിയാണ് തുക കൈമാറിയത്. 2020 മെയ് ആറിനായിരുന്നു വിജയന്‍ മരണപ്പെട്ടത്. മത്സ്യത്തൊഴിലാളി ക്ഷേമനി ബോര്‍ഡ് നടപ്പാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമാണ് മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചത്.

സാമ്പത്തിക പരിമിതിക്കിടയിലും സര്‍ക്കാര്‍ സഹായത്തോടു കൂടി പരമാവധി ക്ഷേമനിധി ആനുകൂല്യങ്ങള്‍  ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സിപി കുഞ്ഞിരാമന്‍ അറിയിച്ചു. ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവന്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, മത്സ്യ ബോര്‍ഡ് കണ്ണൂര്‍ മേഖലാ എക്‌സിക്യൂട്ടീവ് എ താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.