കൊല്ലം:  2011 ല്‍ നടത്തിയ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസില്‍ താഴ്ന്ന ജീവിതനിലവാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ ജീവിത സാഹചര്യം വിലയിരുത്തുന്ന ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഇന്ന്(ജൂലൈ 5) മുതല്‍. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്. ബ്ലോക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ 1,35,000 കുടുംബങ്ങളില്‍ നടത്തുന്ന വിവരശേഖരണം ജൂലൈ 20 ന് പൂര്‍ത്തിയാകും. സര്‍വേയുടെ സംസ്ഥാനതല ഗവേണിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ ഗ്രാമവികസന കമ്മീഷണറും ജില്ലാതല നോഡല്‍ ഓഫീസര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമാണ്. അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരാണ് ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാര്‍. വിവരശേഖരണ ചുമതല വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.

ജനപ്രതിനിധികള്‍, കുടുംബശ്രീ, ആര്‍.ആര്‍.ടി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിവരശേഖരണത്തില്‍ പ്രായോജനപെടുത്തും. കോവിഡ് സാഹചര്യം പരിഗണിച്ച് പരമാവധി ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഫോണ്‍, വാട്‌സാപ്പ് മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് വിവരശേഖരണം. ശേഖരിക്കുന്ന വിവരങ്ങളുടെ രേഖപ്പെടുത്തലും വാലിഡേഷനും പോര്‍ട്ടലില്‍ സമാന്തരമായി നടത്തും. ബ്ലോക്ക്തല വിവരശേഖരണത്തിന് ശേഷമുള്ള അന്തിമ വാലിഡേഷന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നിര്‍വഹിക്കും. സര്‍വ്വേ കാലയളവില്‍ വി.ഇ.ഒമാരെ നിര്‍വഹണ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍വ്വേ നടത്തിപ്പുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ 11 ബ്ലോക്കുകളിലും പൂര്‍ത്തിയായി.