ആലപ്പുഴ: ഗ്രാമീണ കുടുംബങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളും പ്രയോജനങ്ങളും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘ഈസ് ഓഫ് ലിവിങ് ‘ സർവ്വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും കുടുംബശ്രീ അംഗങ്ങൾക്കുള്ള സർവ്വേ പരിശീലനത്തിനും തുടക്കമായി. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളിലെ സർവ്വേ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ നിർവഹിച്ചു.ഈ മാസം 20ന് സർവ്വേ നടപടികൾ പൂർത്തിയാകും.
കഴിഞ്ഞ 10 വർഷമായി ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ പദ്ധതികളിലായി ലഭിച്ച ആനുകൂല്യങ്ങളും അവരുടെ നിലവിലെ ജീവിത അവസ്ഥയും വിലയിരുത്തുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വിവരശേഖരണ പദ്ധതിയാണ് ഈസ് ഓഫ് ലിവിങ് സർവ്വേ. പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതസാഹചര്യം മനസ്സിലാക്കുന്നതിന് 38 ചോദ്യങ്ങൾ അടങ്ങിയ വിവരശേഖരണമാണ് സർവേയിലൂടെ നടത്തുന്നത്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. സി. ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ തിലകൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുകന്യ സജിമോൻ തുടങ്ങിയവർ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.