കോവിഡ് പ്രതിരോധത്തിനും ജനകീയതയുടെ മലപ്പുറം മാതൃക

മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ മലപ്പുറം ജില്ല ഒരുങ്ങുന്നു. ഇതിനായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിക്ക് പ്രശസ്ത സിനിമാ താരം ഭരത് മമ്മൂട്ടി തുടക്കം കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ച് താരം അഭിപ്രായപ്പെട്ടു. ജനകീയ പിന്തുണയോടെ പ്രാവര്‍ത്തികമാക്കുന്ന പ്രാണവായു പദ്ധതിക്ക് സഹായം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് ‘പ്രാണവായു’ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍. പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളോടെ ആധുനിക ചികിത്സ ഉറപ്പാക്കുന്ന പ്രാണവായു പദ്ധതി ജനകീയ വികസന മാതൃകയില്‍ മികച്ച പാരമ്പര്യമുള്ള മലപ്പുറത്തെ ജനത ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനകം തന്നെ ഉദാരമതികളായ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സഹായം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചെറിയ സഹായങ്ങള്‍ പോലും ഈ ഉദ്യമത്തില്‍ വിലമതിക്കാനാകാത്തതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കോവിഡ് മഹാമാരിയും മറ്റ് ആരോഗ്യ ഭീഷണികളും ജനകീയമായുള്ള പ്രതിരോധത്തിലൂടെ മലപ്പുറം നേരിടുമെന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ ജില്ലാ കലക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് പ്രാണവായുവിലേക്കുള്ള സഹായധനം കൈമാറാം. അക്കൗണ്ട് നമ്പര്‍: 40186466130. IFSC: SBIN0070507. കൂടുതല്‍ വിവരങ്ങള്‍ക്ക് 9288025362, 0483 2734988 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്തു. എ.ഡി.എം എന്‍.എം. മെഹറലി, സബ്കലക്ടര്‍ കെ.എസ്. അഞ്ജു, പുതുതായി ചുമതലയേറ്റ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ സബ്കലക്ടര്‍ സൂരജ് ഷാജി, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസിറുദ്ധീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മലപ്പുറം പ്രസ്‌ക്ലബ് ട്രഷറര്‍ സി.വി. രാജീവ്, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡോ. നൗഫല്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം. ശ്രീഹരി, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ. ദേവകി, കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൃഷ്ണ പ്രദീപ്, കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിഷ്ണുദാസ്, കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ബാബുരാജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എ.ഇ. ചന്ദ്രന്‍, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രാണവായുവിലേക്ക് ഇതിനകം സഹായമെത്തിച്ച മങ്കട പി.ടി ഗ്രൂപ്പ് പ്രതിനിധി അബദുല്‍ സലാം, കോട്ടക്കല്‍ സുപ്രീം ഏജന്‍സി പ്രതിനിധി പോക്കര്‍ ഹാജി, അജ്ഫാന്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.