ബഷീറിന്റേത് അനുഭവങ്ങൾ പൊള്ളിച്ച എഴുത്ത്:ദിവാകരൻ വിഷ്ണുമംഗലം

കാസര്‍ഗോഡ്:  ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളലേറ്റ എഴുത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീർ ചെയ്യാത്ത ജോലികളൊന്നും ഉണ്ടായിരുന്നില്ല. ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ രചനയുടെ കരുത്തായത്. പി. കുഞ്ഞിരാമൻ നായർ കവിതയുടെ ആൾരൂപമാണെങ്കിൽ കഥയുടെ ആൾരൂപമാണ് ബഷീർ എന്നും അദ്ദേഹം പറഞ്ഞു. ബഷീറിനെകുറിച്ചുള്ള തന്റെ കവിതയും അദ്ദേഹം ആലപിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുമായി സഹകരിച്ചാണ് ബഷീർ അനുസ്മരണം നടത്തിയത്. ഏത് സാധാരണക്കാരനും മനസ്സിലാവുന്ന ഭാഷയിൽ എഴുതിയതിനാൽ മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനാണ് ബഷീറെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ അനുസ്മരിച്ചു. ബേപ്പൂർ വൈലാൽ വീട്ടിൽ ബഷീറിനൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ അനുസ്മരിച്ചത്. ഏത് തരം വികാരങ്ങളെയും എഴുതി ഫലിപ്പിക്കുന്ന ബഷീറിന്റെ എഴുത്ത് ശൈലിയാണ് ആകർഷകമെന്ന് അക്ഷര ലൈബ്രറി പ്രതിനിധി സതീശൻ പൊയ്യക്കോട് അനുസ്മരിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി. എഡിറ്റർ പി.പി. വിനീഷ് സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫീസർ ജി.എൻ. പ്രദീപ് നന്ദിയും പറഞ്ഞു.