സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) യുടെ നേതൃത്വത്തില്‍ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ ശാക്തീകരണ പരിപാടിയായ ഗണിനിപ്രഭ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. കാഴ്ച, കേള്‍വി, ബുദ്ധിപരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സവിശേഷ വിദ്യാലയങ്ങളിലെ 3000ത്തില്‍പരം അധ്യാപകര്‍ക്കും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്കുമായി മൂന്നു ദിവസം വീതമുള്ള എട്ടു ബാച്ചുകളിലായാണ് പരിശീലനം. വീഡിയോ എഡിറ്റിംഗ്, ശബ്ദമിശ്രണം, ആനിമേഷന്‍, ഗൂഗിള്‍ ഷീറ്റ്, ക്യു ആര്‍ കോഡ് നിര്‍മാണം എന്നിവയിലാണ് പരിശീലനം. സങ്കലിത വിദ്യാഭ്യാസ (ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍) ത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആ ലക്ഷ്യം സാധിക്കുന്നതില്‍ സവിശേഷ പ്രാധാന്യമുള്ള പദ്ധതിയാണ് ‘ഗണിനിപ്രഭ’ എന്ന് മന്ത്രി പറഞ്ഞു. എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് അധ്യക്ഷത വഹിച്ചു.