ആലപ്പുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കേര കേരളം, സമൃദ്ധ കേരളം’ പദ്ധതിയുടെ അമ്പലപ്പുഴ ബ്ലോക്ക്തല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. സംസ്ഥാനത്തെ നാളികേര കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രാദേശിക തലത്തിൽ നാളികേര വികസന ബോർഡുമായി ചേർന്ന് തെങ്ങിൻ തൈകളും വിതരണം ചെയ്തു. ഒരു പഞ്ചായത്തിൽ 1000 തെങ്ങിൻ തൈകൾ വീതം 5000 തൈകളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം എ. അഞ്ചു, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്. ഷബീന, പുറക്കാട് പഞ്ചായത്ത് കൃഷി ഓഫീസർ മനോജ് ലൂക്കോസ്, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.