പാലക്കാട്: കോങ്ങാട് -മണ്ണാര്ക്കാട് ടിപ്പുസുല്ത്താന് റോഡ് പ്രവൃത്തി ഒന്നര വര്ഷത്തിൽ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 17 കിലോമീറ്ററോളം ദൈര്ഘ്യമുള്ള റോഡിന്റെ പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തീകരിക്കാനുള്ള നീക്കത്തിലാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല് ആപ്പിലൂടെ കൂടുതല് പ്രവര്ത്തനങ്ങള് നടത്തും. പോരായ്മകള് നിലനില്ക്കുന്ന പ്രവൃത്തികള് നടത്തേണ്ട ഭാഗങ്ങളെ ശ്രദ്ധയില്പ്പെടുത്തുകയാണ് മൊബൈല് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. നിലവില് പി.ഡബ്ല്യൂ.ഡി സ്റ്റേറ്റ് ഹൈവേ റോഡുകളില് ഡിജിറ്റലൈസ് ചെയ്തിട്ടുള്ള 4000 കിലോമീറ്ററില് ഫലപ്രദമായി ആപ്പിന്റെ പ്രവര്ത്തനം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. നിരവധി പേരാണ് ഇതിനോടകം ഫോട്ടോ, വീഡിയോ രൂപത്തില് ആപ്പിലൂടെ പരാതികള് അറിയിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന പ്രശ്‌നങ്ങള് പരിഹരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവില് ഏഴായിരത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. കണ്ട്രോള് റൂമിലും പരാതികള് ലഭിക്കുന്നുണ്ട്. ജനങ്ങളുമായി ചേര്ന്ന് എല്ലാവരുടേയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് പ്രശ്‌നങ്ങള് പരിഹരിച്ച് മുന്നോട്ടു പോവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോങ്ങാട് നിയോജക മണ്ഡലത്തിലെ കോങ്ങാട്, കടമ്പഴിപ്പുറം, കാരാകുറിശ്ശി പഞ്ചായത്തുകളിലൂടെയും മണ്ണാര്ക്കാട് മുന്സിപ്പാലിറ്റിയിലൂടെയും കടന്നു പോവുന്ന റോഡാണ് കോങ്ങാട്-മണ്ണാര്ക്കാട് ടിപ്പുസുല്ത്താന് റോഡ്. കോങ്ങാട് നിയോജക മണ്ഡലം മുൻ എം.എല്.എ കെ.വി വിജയദാസിന്റെ പരിശ്രമഫലമായി റോഡ് പ്രവൃത്തിക്കായി 53.6 കോടി രൂപ അനുവദിച്ചിരുന്നു. കിഫ്ബിയുടെ മേല്നോട്ടത്തിലാണ് റോഡിന്റെ പ്രവൃത്തികള് നടക്കുന്നത്. കെ.വി വിജയദാസ് നഗറില് (കിളിരാനി സെന്റര്) നടന്ന പരിപാടിയില് കെ ശാന്തകുമാരി എം.എല്.എ അധ്യക്ഷയായി. വി.കെ ശ്രീകണ്ഠന് എം.പി എം.എല്.എ. മാരായ കെ പ്രേംകുമാര്, എന് ഷംസുദ്ദീന്, ജനപ്രതിനിധികള്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.