സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ടിന്‍റെ ആദ്യഘട്ടത്തില്‍ മണലിപ്പുഴ സമഗ്ര നീര്‍ത്തട പദ്ധതി നടപ്പിലാക്കും. 86.70 കോടി രൂപ ചെലവിലാണ് മണലിപ്പുഴ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തോട്ടുരുത്തി തോട് കല്പട തോട്, നെല്ലാനി തോട്, കുറുക്കന്‍ ചാല്‍, തെക്കുംപാടം, പാണഞ്ചേരി, മണലാട്ടിപ്പാടം, കായല്‍ തോട് എന്നീ 8 മൈക്രോ നീര്‍ത്തട പദ്ധതികളായി തിരിച്ചാണ് നടപ്പിലാക്കുക. പുഴയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് മണ്‍ കൂനകള്‍ മാറ്റി പുഴയ്ക്ക് ഒഴുകാന്‍ സാഹചര്യം ഒരുക്കുകയാണ് പദ്ധതി. പുഴയുടെ ഇരു വശങ്ങളും മുളകള്‍ കൊണ്ട് സംരക്ഷിക്കും. വരള്‍ച്ച, വെള്ളപ്പൊക്കം ഇല്ലാതാക്കുക , ഗുണമേډയുളള കുടിവെള്ളം ലഭ്യമാക്കുക , കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളേയും ബന്ധപ്പെട്ട വിവിധ വകുപ്പുകളേയും ഉള്‍പ്പെടുത്തിയാണ് ജലരക്ഷ ജീവരക്ഷ ജില്ലാ പദ്ധതി സംയോജന പ്രോജക്ട് നടപ്പിലാക്കുന്നത്. 708 കോടി രൂപ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, നബാര്‍ഡ്, എം.എല്‍.എ, എം.പി ഫണ്ട് എന്നിവരില്‍ നിന്നാണ് ആവശ്യമായ ഫണ്ട് സമാഹരിക്കുക. പ്രോജക്ടിന്‍റെ ആലോചനാ യോഗം ജില്ലാ ആസുത്രണ ഭവന്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണ കമ്മിറ്റി സര്‍ക്കാര്‍ പ്രതിനിധി എം.എന്‍.സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശ്ശൂര്‍ മണ്ണ് പര്യവേഷണ കേന്ദ്രം അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്‍ വി ശ്രീകല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.