തിരുവനന്തപുരം: ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ 16 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതികൾ ഉടൻ പൂർത്തിയാകുമെന്നും സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ  ഭാഗമായി അവ നാടിനു സമർപ്പിക്കുമെന്നും കായിക മന്ത്രി വി. അബ്ദുറഹിമാൻ. നവീകരണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക വിദ്യാലയമായി ഇവിടം മാറുമെന്നും അദ്ദേഹം പറഞ്ഞു. മൈലത്തെ ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്, ആധുനിക സിന്തറ്റിക് ഗ്രാസ് ഫുട്‌ബോൾ കോർട്ട്, മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയം, ഹൈടെക് ജിംനേഷ്യം, ഹോക്കി ടർഫ്, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റൽ എന്നിവയാണു ജി.വി. രാജയിൽ ഒരുങ്ങുന്നത്. ഒട്ടുമിക്ക പദ്ധതികളുടേയും നിർമാണം പൂർത്തിയായി. അവശേഷിക്കുന്ന ജോലികൾകൂടി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.അടുത്ത അധ്യയന വർഷം വിദ്യാർഥികളെത്തുമ്പോൾ പുതുമോടിയിൽ ഇവിടെ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു. കായിക പഠന മേഖലയിൽ ലോകത്തെ നൂതന സംവിധാനങ്ങളെല്ലാം ജി.വി. രാജയിൽ ഉണ്ട്. സംസ്ഥാനത്തിന്റെ കായിക മേഖലയുടെ തിലകക്കുറിയായി ജി.വി. രാജ സ്‌കൂൾ മാറുമെന്നും മന്ത്രി പറഞ്ഞു.ജി. സ്റ്റീഫൻ എം.എൽ.എ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ഒളിംപ്യൻ മേഴ്‌സി കുട്ടൻ, കായിക വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, അഡിഷണൽ ഡയറക്ടർ കെ.എസ്. ബിന്ദു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.