തിരുവനന്തപുരം: കൃഷി വകുപ്പ് ഇനി മുതല്‍ സംഘടിപ്പിയ്ക്കുന്ന എല്ലാ പരിപാടികളിലും പ്രദേശത്തെ ഒരു പ്രധാന കര്‍ഷകന്‍ ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചതോടെ ഇത്തരത്തില്‍ ആദരവ് ഏറ്റു വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ കര്‍ഷകനായി മാറിയത് ആനാട് മണ്ണൂര്‍ക്കോണം റോഡരികത്തു വീട്ടില്‍ കെ.പുഷ്‌കരന്‍ നായര്‍.  എഴുപത്തിയൊന്നുകാരനായ പുഷ്‌കരന്‍ നായര്‍ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി പാടത്തും പറമ്പിലുമാണ്.  തെങ്ങ്, വാഴ, വെറ്റില തുടങ്ങി തീറ്റപ്പുല്‍ കൃഷി വരെയുണ്ട് ഈ കര്‍ഷകന്റെ കൃഷിയിടങ്ങളില്‍.  പാട്ടത്തിനെടുത്ത 37 ഏക്കര്‍ സ്ഥലത്താണ് പ്രതികൂലകാലാവസ്ഥയിലും ഈ കര്‍ഷകന്‍ നൂറുമേനി വിളയിയ്ക്കുന്നത്.
വേദിയില്‍ പുഷ്‌ക്കരന്‍ നായരെ അടുത്തിരുത്തി കൃഷി രീതികളെപ്പറ്റി മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.  ഇത്തരത്തില്‍ ഒരു ആദരം തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പുഷ്‌കരന്‍ നായര്‍ പറഞ്ഞു.