മലപ്പുറം: ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാം വിധം വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങള്‍ പൊളിച്ചുപണിയുന്നു. ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തക്കടവ് പാലം എന്നിവയാണ് പുതുക്കി പണിയുന്നതെന്ന് പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. പാലം നവീകരണത്തിന്റെ ഭാഗമായി 12 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണുപരിശോധന തുടങ്ങി. വള്ളിക്കുന്ന് മണ്ഡലത്തിലെ കടലുണ്ടി പുഴ മുതല്‍ പുല്ലിപ്പുഴ വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള മൂന്നു പാലങ്ങളാണിവ. പാറക്കടവ് പാലം ജലപാതയുടെ നിബന്ധനകള്‍ക്ക് വിധേമല്ലാത്തതിനാല്‍ നിലവിലെ ഉയരം ആറര മീറ്ററായി വര്‍ധിപ്പിച്ച് സ്പാനുകള്‍ തമ്മിലുള്ള അകലം 12.5 മീറ്ററാക്കി നിജപ്പെടുത്തും. ഇതോടെ നിലിവുള്ള പാലത്തിന്റെ ബലക്ഷയവും വീതിക്കുറവും പരിഹരിക്കാനാകും.
ചെറക്കടവ് പാലം നിലവില്‍ അപ്രോച്ച് റോഡില്ലാതെ പടിക്കെട്ടുകളുണ്ടാക്കി ഉപയോഗശൂന്യമായി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ സ്പാനുകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതിനും ഉയരം കൂട്ടുന്നതിനും നടപടി സ്വീകരിക്കും. മുക്കത്തക്കടവ് പാലവും സമാന അവസ്ഥയിലാണ്. വന്‍കിട ജലസേചന വിഭാഗം പാലങ്ങളുടെ നിര്‍മാണ പ്രാഥമിക ഘട്ടത്തിന്റെ നടപടിയായ മണ്ണുപരിശോധയും വിശദ പഠനറിപ്പോര്‍ട്ടും തയ്യാറാക്കും. കാക്കനാട് എ.എ.ആന്റ്.എസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മണ്ണുപരിശോധന നടത്തുന്നത്. മണ്ണുപരിശോധന ഒരു മാസത്തിനകം പൂര്‍ത്തീകരിച്ച് പരിശോധന റിപ്പോര്‍ട്ട് വന്‍കിട ജലസേചന വിഭാഗത്തിന് കീഴിലെ പദ്ധതി രൂപകല്‍പ്പന വിഭാഗമായ ഐ.ആര്‍.ഡി.ബിയ്ക്ക് കൈമാറുമെന്ന് എം.എല്‍.എ അറിയിച്ചു. ഐ.ആര്‍.ഡി.ബി ഡിസൈനിങ് പൂര്‍ത്തീകരിച്ച് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിനും കൈമാറും. പാലം നിര്‍മ്മാണ ചുമതല നല്‍കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും.