മലപ്പുറം:  തിരുവാലി  ആയുര്‍വേദ ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. ആയുഷ് വകുപ്പ്- ഭാരതീയ ചികിത്സാ വകുപ്പ് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കാനാണ് തുക അനുവദിച്ചത്.   പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഓടിട്ട പഴയ കെട്ടിടം പൊളിച്ച് കൂടുതല്‍ സൗകര്യമുള്ള ഇരുനില ബ്ലോക്ക് നിര്‍മിക്കും. ഇപ്പോള്‍ പത്ത് പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ ലഭ്യമാവുന്നത്. നവീകരണത്തിന് ശേഷം ഇത് 30 ബെഡായി ഉയര്‍ത്തുവാനാണ് ലക്ഷ്യമിടുന്നത്.  സ്ത്രീ – പുരുഷ വാര്‍ഡുകള്‍, പഞ്ചകര്‍മ തിയറ്റര്‍, ലാബ്, നഴ്സ് ഡ്യൂട്ടിറൂമുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. തിരുവാലിയിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി രോഗികളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.