മലപ്പുറം:  കുട്ടികള്‍ക്ക് കരുതലായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതി. നിരവധി കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഇതിനോടകം  സുസ്ഥിര വികസന പദ്ധതിയായ ‘ഒപ്പ’ത്തിലൂടെ പരിഹരിച്ചത്. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, ഓണ്‍ലൈന്‍ പഠനം, സാമ്പത്തിക പ്രശ്നം തുടങ്ങിയ വിഷയങ്ങളിലാണ് ഭൂരിഭാഗം കുട്ടികളും ഒപ്പം കാള്‍ സെന്ററുമായി ബന്ധപ്പെടുന്നത്. ഒരു മാസത്തിലധികമായി പ്രവര്‍ത്തനമാരംഭിച്ച പദ്ധതിലൂടെ 1000 ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് നേരിട്ട് വിളിച്ച് ശാരീരിക മാനസിക സാമൂഹിക വിദ്യാഭ്യാസ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ചിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി കാള്‍ സെന്ററുമായും ബന്ധപ്പെട്ടിട്ടുണ്ട്.

11 നും 18 നും ഇടക്കുള്ള കുട്ടികളിലെ ശാരീരിക മാനസിക സാമൂഹിക വിദ്യാഭ്യാസ പ്രശ്നങ്ങള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആയുര്‍വേദ വകുപ്പുമായി ചേര്‍ന്ന് പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളിലാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, നിയമ വിദഗ്ധര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സാമൂഹ്യനീതി വകുപ്പില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി അവരുമായും ബന്ധപ്പെടും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എം.എസ്.ഡബ്ലിയു/സൈക്കോളജി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഒപ്പം കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വിളിക്കേണ്ട നമ്പര്‍ 8547567991 , 8547693649