“നിങ്ങളോടൊപ്പം എം.എൽ.എ ” പരിപാടിയിൽ രണ്ട് പഞ്ചായത്തുകളിൽ നിന്നും ലഭിച്ചത് 250 അപേക്ഷകൾ. ഉണ്ണികുളം പഞ്ചായത്തിൽ നിന്നും 148 അപേക്ഷകളാണ് സ്വീകരിച്ചത്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ പരിപാടിയിൽ 102 അപേക്ഷകളും ലഭിച്ചു.

ഉണ്ണികുളം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി വികസന നിർദ്ദേശങ്ങൾ നിവേദനങ്ങളായി വന്നു. വ്യക്തിഗത പരാതികൾക്ക് പുറമേ എകരൂൽ- കക്കയം ഡാം സൈറ്റ് റോഡ് നവീകരണം, പൂനൂർ പാലം, ടൗൺ നവീകരണം, കരുവാറ്റക്കടവ് പാലം നിർമ്മാണം, പൂനൂർ പുഴ സംരക്ഷണം, മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആധുനിക വൽക്കരിക്കൽ, ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം, വില്ലേജ് ഓഫീസ് നവീകരണം, അംഗൻവാടികളുടെ നവീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങിയ പ്രധാന വികസന നിർദ്ദേശങ്ങളാണ് സച്ചിൻദേവ് എം. എൽ. എ ക്ക് മുന്നിൽ വന്നത്.

ഉണ്ണികു ളം സാംസ്കാരിക നിലയത്തിൽ കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡണ്ട് നിജിൽ രാജ് എം.കെ, പഞ്ചായത്ത് സെക്രട്ടറി സതീശൻ സി.പി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വയലട ടൂറിസം പദ്ധതിയുടെ പൂർത്തികരണം, കാട്ടാംവള്ളി ജല ടൂറിസം, കോട്ടക്കുന്ന്, ചുരത്തോട് ടൂറിസം, കിനാലൂർ ഗവ. കോളേജിന്റെ വികസനം, മഞ്ഞപ്പുഴ സംരക്ഷണം, പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൾ ടെയ്ക്ക് എ ബ്രേക്ക്‌ പദ്ധതി തുടങ്ങിയ വികസന നിർദ്ദേശങ്ങളാണ് പനങ്ങാട് പഞ്ചായത്തിലെ പരിപാടിയിൽ അപേക്ഷകളായി ലഭിച്ചത്.

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടികൃഷ്ണൻ, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.