അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചുള്ള (എഫ്.ടി.ടി.എച്ച്) അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമാണ് ഊരുകളില്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ കല്‍ക്കണ്ടി മുതല്‍ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂര്‍, കക്കുപടി താഴെ എന്നീ അഞ്ച് ഊരുകളിലാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക.

ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചിണ്ടക്കി ഊരിലെ സാമൂഹിക പഠനമുറിയില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. എം.പി. ഫണ്ടില്‍ നിന്നുള്ള നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടത്തില്‍ കേബിളുകള്‍ വലിക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹിക പഠനം മുറി, ഡി.ടി.എച്ച് പഠന മുറികള്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. റവന്യൂ- പട്ടികവര്‍ഗ്ഗ വികസനം -വനം വകുപ്പുകളുടെ പങ്കാളിത്വത്തോടെ ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. എന്നിവരുടെ സഹകരണത്തോടെയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

വിവിധ ഇന്റെര്‍നെറ്റ് സേവന കമ്പനികളുമായി ജില്ലാ കലക്ടര്‍ പലപ്പോഴായി നടത്തിയ ചര്‍ച്ചകളിലൂടെയുമാണ് അട്ടപ്പാടിയിലെ ഇന്റര്‍നെറ്റ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. ഇതിലൂടെ പ്രദേശത്തെ 200 ലധികം വരുന്ന കുട്ടികള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ശിഖ സുരേന്ദ്രന്‍, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഈശ്വരി രേശന്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു കൃഷ്ണന്‍ കുട്ടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആശാലത, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ.സുരേഷ് കുമാര്‍, ബി.എസ്.എന്‍.എല്‍. പാലക്കാട് ഡി.ജി.എം. എം.എസ്. അജയന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.