എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മോഡൽ അഗ്രോ സർവീസ് സെന്റെർ. കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ലക്ഷം പച്ചക്കറി തൈകളാണ് അഗ്രോ സർവീസ് സെന്റെർ വിതരണം ചെയ്തത്. സർക്കാരിന്റെ കാർഷിക വികസ പദ്ധതിയിൽ ഉൾപ്പെടുത്തി തൈ ഒന്നിന് 2.50 രൂപ നിരക്കിലാണ് ഇവർ നൽകിയത്. ഉന്നത നിലവാരമുള്ള ഹൈബ്രിഡ് തൈകളാണ് വിതരണം ചെയ്യുന്നത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകൾക്കും സമീപ പ്രദേശങ്ങൾക്കും പുറമേ പിറവം, തൃക്കാക്കര, മരട് മുൻസിപ്പാലിറ്റികൾ എടവനക്കാട്, നായരമ്പലം, വരാപ്പുഴ , മഴുവന്നൂർ പ്രദേശങ്ങളിലും സർവീസ് സെന്റെറിൽ നിന്നും പച്ചക്കറി തൈകൾ, നിറച്ച ഗ്രോബാഗുകൾ എന്നിവ വിതരണം ചെയ്യുന്നു. പോയ വർഷം 59000 നിറച്ച ഗ്രോബാഗുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തു.
ഈ വർഷം ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട ബ്ലോക്കിൽ 1.10 ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. 25 പേർ അടങ്ങുന്ന ഗ്രീൻ ആർമി എന്നപേരിൽ കർഷകത്തൊഴിലാളി സംഘവും അഗ്രോ സർവീസ് സെന്റെറിന് കീഴിൽ പ്രവർത്തിക്കുന്നു. തീരദേശ മേഖലകളിലെ പൊക്കാളി കൃഷിക്ക് ഉൾപ്പെടെ ഇവരുടെ സേവനം ലഭ്യമാണ്. ആധുനിക കൊയ്ത്തുമെതി യന്ത്രം, കാർഷിക ഉപകരണങ്ങൾ എന്നിവ വിവിധ സർക്കാർ പദ്ധതികളിലൂടെ ഗ്രീൻ ആർമിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷൻ-പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മോഡൽ അഗ്രോസർവീസ് സെന്റെറിലെ ഗ്രീൻ ആർമി അംഗങ്ങൾ .