കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

വീടുകളിൽ വൈദ്യുതി ലഭിക്കാത്ത 17 വിദ്യാർത്ഥികളാണ് മണ്ഡലത്തിലുള്ളതായി കണ്ടെത്തിയത്. എഴ് പേർക്ക് കണക്ഷൻ നൽകുന്നതിന് നടപടി സ്വീകരിച്ചു. അതിന്റെ ഭാഗമായി കരകുളം പഞ്ചായത്തിൽ, മുല്ലയ്ക്കൽ ആറന്നൂർകോണം സജുവിന്റെ ഭവനത്തിൽ വൈദ്യുതി എത്തിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ 84 സ്‌പോട്ടുകളാണ് ഉള്ളതെന്ന് വിലയിരുത്തിയ സംയുക്ത യോഗം, ഇത്തരം പ്രദേശങ്ങൾ ബ്.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിച്ച് കോമൺ സ്‌പോട്ട് വൈ-ഫൈ, ബൂസ്റ്റർ കൺസപ്റ്റ് തുടങ്ങിയ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.