അക്ഷരപാത്രം പദ്ധതിക്ക് തുടക്കം; സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

അക്ഷരപാത്രം പദ്ധതിയിലൂടെ പത്തനംതിട്ടയെ സമ്പൂര്‍ണ ഡിജിറ്റല്‍ പഠന ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ട ജില്ലയിലെ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ആരംഭിച്ച ‘അക്ഷരപാത്രം’ പദ്ധതി കളക്ടറേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മൂവായിരത്തിലധികം കുട്ടികളായിരുന്നു പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ കുറച്ച് കുട്ടികള്‍ക്കു സഹായങ്ങള്‍ എത്തിച്ചു നല്‍കി. ഇനിയും പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുകയാണ് അക്ഷരപാത്രം പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ മറ്റൊരു ലക്ഷ്യം ഇന്റെര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്നതാണ്. പഠനസൗകര്യങ്ങള്‍ ഉണ്ടായിട്ടും ഇന്റെര്‍നെറ്റ് ലഭ്യത ഇല്ലാത്തതുമൂലം പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിനൊരു പരിഹാരമെന്നോണം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ യോഗം ചേര്‍ന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഠന സൗകര്യം ലഭ്യമല്ലാതിരുന്ന പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് ഫോണ്‍ കൈമാറിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പത്തനംതിട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ഡിജിറ്റല്‍ വിഭജനം ഉണ്ടാകാതിരിക്കാനാണ് ഗ്രാമപഞ്ചായത്തുകള്‍, രക്ഷകര്‍ത്തൃ അസോസിയേഷനുകള്‍, ജില്ലാ ആസൂത്രണസമിതി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അക്ഷരപാത്രം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുകാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജനകീയ ക്യാമ്പയിനായി എല്ലാവരും പദ്ധതിയെ ഏറ്റെടുക്കണം. നെറ്റ്‌വര്‍ക്ക് സൗകര്യം ഇല്ലാത്ത മലയോര ട്രൈബല്‍ മേഖലകളില്‍ ഫൈബര്‍ കണക്ഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. പദ്ധതിയിലൂടെ ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ ജില്ലയിലെ അര്‍ഹരായ കുട്ടികളില്‍ എത്തിക്കും. ഈ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.അക്ഷരപാത്രം പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും ‘നമ്മുടെ കേരളം’ ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
അക്ഷരപാത്രം പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പദ്ധതിക്ക് വേണ്ടി ജില്ലാ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പ്രത്യേകമായി തയ്യാറാക്കിയ ‘നമ്മുടെ കേരളം’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ രജിസ്റ്റര്‍ ചെയ്ത് ഡൊണേറ്റ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഫോണ്‍ സംഭാവന ചെയ്യാവുന്നതാണ്. നമ്മുടെ കേരളം ആപ്പിന്റെ ലിങ്ക്: https://play.google.com/store/apps/details?id=in.nic.mmadekoyikode.
ഇതിനു പുറമെ, ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിക്കുകയോ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായോ ജില്ലാ കളക്ടറേറ്റിലെ വോളണ്ടിയര്‍മാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 9446114723.
ഗൂഗിള്‍ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdP-iQQhmouAD_pf2O-9yGzqtEMT3HJ_O-6yreszg7t7LLxLA/viewform?usp=sf_link