കണ്ണൂര്‍:   കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ അവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്കും ബാധകമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ടിപിആര്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ടിപിആര്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടണങ്ങള്‍, കവലകള്‍ തുടങ്ങിയ ഇടങ്ങളിലും കൂടിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പൊലീസ്, ആര്‍ആര്‍ടികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.നിലവില്‍ ടിപി ആര്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും (രോഗവ്യാപനം കുറഞ്ഞവ) അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും (മിതമായ രോഗവ്യാപനം ഉള്ളവ) 10 ശതമാനം മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും (തീവ്ര രോഗവ്യാപനം ഉള്ളവ) 15 ശതമാനത്തിനു മുകളില്‍ ഡി കാറ്റഗറിയിലും (അതിതീവ്ര രോഗവ്യാപനം ഉള്ളവ) ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.