തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള അമൃത മഹോത്സവാഘോഷത്തോടനുബന്ധിച്ച് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടായ 1938-ലെ നെയ്യാറ്റിന്‍കര വെടിവയ്പ്പിനെ അനുസ്മരിച്ചായിരുന്നു വെബ്ബിനാര്‍.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. രാജാധിപത്യത്തില്‍നിന്നും പ്രജാധിപത്യത്തിലേക്കുള്ള ജനകീയ മുന്നേറ്റത്തിന്റെ സുപ്രധാന ഏടുകളിലൊന്നാണ് നെയ്യാറ്റിന്‍കര വെടിവയ്‌പ്പെന്ന് അദ്ദേഹം പറഞ്ഞു. വെടിവയ്പ്പുണ്ടായതിനു പിന്നിലെ സന്ദര്‍ഭവും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിദ്യാര്‍ഥികളുടെ പങ്കും അദ്ദേഹം വിശദീകരിച്ചു.
സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ പി. ഗോപിനാഥന്‍ നായരെ നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മോഹനചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ മുന്‍ പ്രൊജക്ട് ഓഫീസര്‍ ഡോ. പി. മോഹന്‍കുമാര്‍ സംസാരിച്ചു.പത്മശ്രീ. പി. ഗോപിനാഥന്‍ നായര്‍ മറുപടി പ്രസംഗം നടത്തി. സ്വാതന്ത്ര്യ സമരത്തിന് ഉണര്‍വ് നല്‍കുകയും സമര പ്രവര്‍ത്തനങ്ങളുമായി ധീരമായി മുന്നോട്ടു പോകാന്‍ ഊര്‍ജ്ജം പകരുകയും ചെയ്ത സുപ്രധാന സംഭവമാണ് നെയ്യാറ്റിന്‍കര വെടിവയ്‌പ്പെന്ന് അദ്ദേഹം പറഞ്ഞു. വെടിവയ്പ്പിനിടയാക്കിയ ചരിത്ര സംഭവങ്ങളും ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.കായിക യുവജനകാര്യലയം അഡിഷണല്‍ ഡയറക്ടര്‍ കെ.എസ്. ബിന്ദു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ സിജു ജേക്കബ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.