* ഡാം സേഫ്റ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
നമ്മുടെ ഡാമുകളില്‍ ഭൂരിപക്ഷവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതായതിനാല്‍ ഹൈഡല്‍ ടൂറിസം മെച്ചപ്പെടുത്താന്‍ കഴിയുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാം സേഫ്റ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം പി.എം.ജി ജംഗ്ഷനുസമീപം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ടമലനിരയിലാണ് മിക്കഡാമുകളുമുള്ളത്. ഡാമുകള്‍, അതിനുചുറ്റുമുള്ള പ്രകൃതി എന്നിവയുടെ പ്രത്യേകതയാണ് ആകര്‍ഷകമാക്കുന്നത്. പല റിസര്‍വോയറുകള്‍ക്കും സമീപത്തായി പൂന്തോട്ടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ബോട്ടിംഗ്, കുട്ടവഞ്ചി സഞ്ചാരം ഇങ്ങനെയുള്ള പദ്ധതികളും ഒരുക്കുന്നുണ്ട്. സൈക്ലിംഗ്, ട്രെക്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഹൈഡല്‍ ടൂറിസത്തോടനുബന്ധിച്ച് ഉണ്ടാക്കും.
സാധാരണരീതിയില്‍ നിന്ന് മാറി അണക്കെട്ടുകളെ നവീകരിച്ച് ആകര്‍ഷകമാക്കി സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
ഡാമുകളില്‍ ജലം കുറഞ്ഞാല്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും കാര്‍ഷികരംഗത്ത് തളര്‍ച്ചയുണ്ടാകുകയും ചെയ്യും. കഴിഞ്ഞതവണ തലസ്ഥാനത്തും ചിറ്റൂരും ജലക്ഷാമമുണ്ടായത് മറക്കാറായിട്ടില്ല.
പഴക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഡാം സേഫ്റ്റി അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 16 ഡാമുകള്‍, ബാരേജുകള്‍, റെഗുലേറ്ററുകള്‍ എന്നിവയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡ്രിപ്പ് പദ്ധതിയുടെ (ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) ഭാഗമായി 360 കോടി രൂപ മുതല്‍മുടക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഡാമുകളില്‍ നടക്കുന്നത്. ഡാം സുരക്ഷാ ആസ്ഥാനത്തിന്റെ നിര്‍മാണവും ഈ പദ്ധതിപ്രകാരമാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് ജനങ്ങളുടെ പലതരം ആശങ്കകളില്‍ യഥാര്‍ഥനില പറയാന്‍ ആധികാരിക സ്ഥാപനമായി ഇത് മാറും.
ഹരിതകേരളം പദ്ധതിയിലൂടെ നിരവധി പുഴകളും ജലാശയങ്ങളും വീണ്ടെടുക്കാനും കിണറുകളും കുളങ്ങളും നവീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനൊപ്പം കൃഷിയും വര്‍ധിക്കുകയാണ്. ഇത്തരം ഇടപെടല്‍ എല്ലാവരുടേയും ഭാഗത്തുനിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ. ജോഷി, ചീഫ് എഞ്ചിനീയര്‍ പ്രോജക്ട് 2 ടി.ജി. സെന്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍ കെ.എച്ച്. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡാം സുരക്ഷാ നിരീക്ഷണ സംവിധാനത്തിന്റെയും, ഡാം ഇന്‍സ്ട്രുമെന്‍േറഷന്‍ സംവിധാനത്തിന്‍േറയും കേന്ദ്ര നിയന്ത്രണ യൂണിറ്റും ഡാം സുരക്ഷാ ഡയറക്ടറേറ്റും പുതിയ മന്ദിരം പൂര്‍ത്തിയാകുമ്പോള്‍ പ്രവര്‍ത്തിക്കും. സൗരോര്‍ജ പാനലുകള്‍, മഴവെള്ള സംഭരണി എന്നിവയുമുണ്ടാകും. ബേസ്‌മെന്റ് നിലയും മൂന്നു നിലകളുമുള്ള കെട്ടിടത്തില്‍ ഏഴുനിലകള്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. 30 കോടി രൂപയാണ് അടങ്കല്‍ തുക. ജലവിഭവവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഓഫീസുകളും ലൈബ്രറി, ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിംഗ് സെന്റര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് തുടങ്ങിയവയും ഈ മന്ദിരത്തിലുണ്ടാകും.