കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആന്റിജന്‍ പരിശോധന കിറ്റുകളുടെ വിതരണം നടന്നു. തലവൂര്‍, വിളക്കുടി ഗ്രാമപഞ്ചായത്തു കളിലാണ് 1200 കിറ്റുകള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്ത് അംഗം അനന്തു പിള്ള തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവിക്ക് കിറ്റുകള്‍ കൈമാറി.
പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബരോഗ്യകേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷൈന്‍ കുമാറില്‍ നിന്ന് പ്രസിഡന്റ് ജെസ്സി റോയി, കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ കുളക്കട സി.എച്ച്.സിയിലും, മൈലം പി. എച്ച്. സിയിലും പി.പി.ഇ.കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, ബോഡി ബാഗ്, ആന്റിജന്‍ കിറ്റ്, എന്‍-95 മാസ്‌ക് തുടങ്ങിയവ ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറി.
ഓച്ചിറയില്‍ തഴവ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ടി.പി.ആര്‍ ഉയര്‍ന്നുനില്‍ക്കുന്ന മേഖലകളില്‍ ‘നോട്ടം’ കോവിഡ് മാസ്സ് ടെസ്റ്റിംഗ് ഡ്രൈവ് വ്യാപകമാക്കി. വഴിയോര കച്ചവടക്കാരെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. സമ്പര്‍ക്ക രോഗസാധ്യത തടയുന്നതിനു വേണ്ടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന വ്യാപകമാക്കിയത്.
കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ ടൗണ്‍ ക്ലബ്ബില്‍ സജ്ജീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഭിന്നശേഷിക്കാരുടെയും മറ്റു ശാരീരിക വൈകല്യമുള്ളവരുടെയും പ്രത്യേക ലിസ്റ്റ് തയ്യാറാക്കി 100 ശതമാനം വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ 62 ഓളം രോഗികളുണ്ട്. നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, കെയര്‍ ടേക്കര്‍ എന്നിവരുടെ സേവനം ഡി.സി.സി.യില്‍ ലഭ്യമാണ്. 20 വാര്‍ഡുകളിലും രണ്ട് വോളണ്ടിയര്‍മാരുടെയും ഒരു കോഡിനേറ്റ റുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു വരികയാണെന്ന് പ്രസിഡന്റ് പി. അനില്‍കുമാര്‍ പറഞ്ഞു.
കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി ചികിത്സ ഉറപ്പാക്കുന്ന ഉന്നതി പദ്ധതിക്ക് നെടുമ്പന ഗ്രാമപ്പഞ്ചായത്തില്‍ തുടക്കമായി. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.